Kerala
കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യപ്രതി അലുവ അതുൽ തമിഴ്‌നാട്ടിൽ പിടിയിൽ

കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതിയായ അലുവ അതുൽ അറസ്റ്റിൽ. തമിഴനാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി പോലീസും ഡാൻസാഫും ചേർന്നാണ് അതുലിനെ പിടികൂടിയത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ജിം സന്തോഷ് എന്ന് വിളിപ്പേരുള്ള ഗുണ്ടാനേതാവായ സന്തോഷിനെ മാർച്ച് 27നാണ് ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാനേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്തോഷ് കൊല്ലപ്പെട്ടത്.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അതുൽ കഴിഞ്ഞ ദിവസം ആലുവയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. കേസിൽ കൊലയിൽ നേരിട്ട് പങ്കുള്ള രാജീവ് അടക്കം നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും നാല് പേർ കൂടി പിടിയിലാകാനുണ്ട്.