കാശിനാഥൻ-2: ഭാഗം 28

കാശിനാഥൻ-2: ഭാഗം 28

രചന: മിത്ര വിന്ദ

കാശിയേ നേരിട്ട് കണ്ടു തന്നെ ദേവ് തന്റെയും ജാനിയുടെയും കാര്യങ്ങൾ ഒക്കെ സംസാരിച്ചത് ആയിരുന്നു. അവൾ പോലും അറിയാതെ. അന്ന് കാശി എഴുന്നേറ്റു വന്നു ദേവിന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് വലിച്ചു പൊക്കി അവന്റെ കരണം നോക്കി കൊടുക്കുകയാണ് ചെയ്തത്. കാശിനാഥന്റെ മകളെ കല്യാണം കഴിക്കാൻ ഉള്ള എന്ത് യോഗ്യതയാട നിനക്ക് ഉള്ളത് എന്ന് പറഞ്ഞു അവൻ ഒരുപാട് വയലന്റ് ആയിരുന്നു. ഇനി മകളുടെ നേർക്ക് നിന്നിൽ നിന്നും ഒരു നോട്ടം എങ്കിലും ഉണ്ടായാൽ പച്ചയോടെ കത്തിക്കും എല്ലാത്തിനേം. പറഞ്ഞു കൊണ്ട് അന്ന് കാശി ഓഫീസ് റൂമിൽ കിടന്ന ഒരു കസേര എടുത്തു ആഞ്ഞു നിലത്തേക്ക് വലിച്ചടിച്ചു. ഒരെണ്ണത്തിനെയും വെറുതെ വിടില്ല, നിന്റെ വീട്ടിൽ ശ്വാസം എടുക്കാൻപോലും ഒന്നിനെയും ബാക്കി വെയ്ക്കില്ല.. അത്രമേൽ ദേഷ്യത്തോടെ കാശിയെ അവൻ ആദ്യമായി കാണുകയായിരുന്നു. കലിപ്പുരണ്ട് അവൻ ഇറങ്ങി പോയപ്പോൾ ദേവിന്റെ മിഴികൾ നിറഞ്ഞു. ജാനിയെ മറന്നൊരു ജീവിതം തനിക്ക് ഒരിക്കലും ഉണ്ടാവില്ല, പക്ഷെ തന്റെ ജാനിയെ അയാൾ തരില്ലെന്നും അവനു ഉറപ്പായി. പിന്നീട് ജാനി ഓഫീസിലേയ്ക്ക് വന്നതേയില്ല. ഏതോ ഒരു വമ്പന്മാരുമായി അവളുടെ പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു എന്നും വിവാഹം ഏറെ കുറേ ഉറപ്പിച്ചു എന്നും ഒക്കെ ദേവ് അറിഞ്ഞു. എന്നാലും എല്ലാ ദിവസവും ജനിയുടെ മെസ്സേജ് അവനെ തേടി എത്തും. അച്ഛനോട് വിവരങ്ങൾ പറയു എന്ന് ആവശ്യപ്പെട്ടു കൊണ്ട്. താൻ നേരത്തെ തന്നെ എല്ലാം പറഞ്ഞു കഴിഞ്ഞത് ആണെന്ന് അവൾ ഉണ്ടോ അറിയുന്നു. ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അകലെ ഒരുവളും ഇതേ അവസ്ഥയിൽ ആയിരുന്നു. തന്റെ പ്രിയപ്പെട്ടവനെ എങ്ങനെ വേർപിരിയും എന്നറിയാതെ അവളുടെ മനം തേങ്ങി. *** അടുത്ത ദിവസo ആദി എത്തി. ഡ്രസ്സ്‌ എടുക്കാനും മറ്റും ചെല്ലണം എന്ന് പറഞ്ഞു അവന്റെ വീട്ടുകാർ വിളിച്ചപ്പോൾ ജാനിയും അമ്മയും കൂടി ആയിരുന്നു പുറപ്പെട്ടത് എറണാകുളത്തെ ഏറ്റവും വലിയ ഒരു ഷോപ്പിൽ ആണ് ഇരു കൂട്ടരും എത്തിയത്. ജാനിയേ കണ്ടതും ആദി പുഞ്ചിരിയോടെ അവളുടെ അടുത്തേയ്ക്ക് വന്നു. ജാനി, സുഖം അല്ലേ.. അവൻ ചോദിച്ചതും ജാനി മെല്ലെ തല കുലുക്കി. എങ്കിലും അവളിൽ ഒരു വിഷാദ ഭാവം നിഴലിച്ചു നിൽക്കുന്നതായി അവനു തോന്നി. മന്ത്രകോടി സെലക്ട്‌ ചെയുന്ന നേരത്തൊക്കെ അവൾക്ക് അതിൽ യാതൊരു താല്പര്യവും ഇല്ലാത്തതായി അവൻ ഓർത്തു. ഇതേ വരെ ആയിട്ടും ഒന്ന് തുറന്ന് സംസാരിയ്ക്കുവാൻ സാധിച്ചില്ല. എന്നും എന്തെങ്കിലും മെസ്സേജ് ഒക്കെ താൻ അയക്കും, ആള് മറുപടിയും തരും. എന്നിരുന്നാലും ശരി ജാനിയുമായി സംസാരിക്കണം. ഈ വിവാഹത്തിന് താല്പര്യം ഉണ്ടോ, അതോ എന്തേങ്കിലും നീരസം ആണോ എന്ന് ചോദിച്ചു അറിയണം. അവൻ തീർച്ചപ്പെടുത്തി. ഡാർക്ക്‌ റെഡ്ഇൽ ബ്രൗൺ മിക്സിങ് ആയിട്ടുള്ള ഒരു കളർ വരുന്ന കാഞ്ചിപുരം സാരി ആയിരുന്നു അവൾക്കായി സെലക്ട്‌ ചെയ്തത്. 2ലക്ഷം ആയിരുന്നു ആ സാരിയുടെ റേറ്റ്.. അടുക്കുകൾ തീർത്ത മുന്താണി എടുത്തു ജാനിയുടെ തോളിൽ വെച്ചു സെറ്റ് ചെയ്തപ്പോൾ അവൾ അതിമനോഹരി ആയിരുന്നു. ആദി പോലും അവളിൽ നിന്നും കണ്ണെടുത്തില്ല. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആയതു കൊണ്ട് ആ സാരി തന്നെ എടുക്കുവാൻ തീരുമാനിച്ചത്. കാശിയേ വീഡിയോ കാൾ ചെയ്തു മകളുടെ സാരി പാർവതി കാണിച്ചു കൊടുത്തിരുന്നു. അങ്ങനെ മന്ത്രകോടിയും സെക്കന്റ്‌ സാരിയും ഹാൻഡ് ലൂമിൽ തീർത്ത താമരയുടെ ഡിസൈൻ ഉള്ള ഒരു സെറ്റ് സാരീയും ഒക്കെ അവൾക്കായ് എടുത്തു. അപ്പോളേക്കും സമയം പോയിരിന്നു. തനിക്ക് ഉള്ള ഡ്രസ്സ്‌ നാളെ, താനും ജാനിയും കൂടി വന്നു എടുത്തോളാം എന്ന് ആദി പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ആദിയോടും ഫാമിലിയോടും യാത്ര പറഞ്ഞു അമ്മയും മകളും മടങ്ങി. മോൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ... പോരും വഴിയിൽ പാറു മകളെ നോക്കി ചോദിച്ചു. . അവൾക്ക് ദേവിനോട്‌ ഉള്ള ഇഷ്ട്ടം പാറുവിനു സത്യത്തിൽ അറിയില്ലയിരുന്നു.. കാശി അവളോട് പറഞ്ഞതുമില്ല. മകൾക്ക് കൂട്ടായി ഉടനെ നാട്ടിലേക്ക് ചെല്ലാൻ മാത്രം ആണ് അവൻ പാറുവിനോട്‌ അവശ്യപ്പെട്ടത്. കുറച്ചു ദിവസം ആയിട്ട് ജാനി ആകെ സങ്കടത്തിൽ ആയിരുന്നു. അതാണ് ഇപ്പൊ പാറു ഇപ്രകാരം അവളോട് ചോദിച്ചത് പോലും.. എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു, പക്ഷെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലമ്മേ..എല്ലാം കൈ വിട്ടു പോയി. മകളുടെ പറച്ചില് കേട്ടതും പാറു ഞെട്ടി. അതേ അമ്മേ.. സത്യം ആണ്, എനിക്ക് നമ്മുടെ ഓഫീസിലെ ദേവ് കൃഷ്ണനെ ഇഷ്ട്ടം ആയിരുന്നു. ഒരുപാട് ഒരുപാട് ഇഷ്ട്ടം... പക്ഷെ പറഞ്ഞിട്ട് കാര്യ ഇല്ല..ഒന്നാവാൻ പറ്റില്ലാത്ത പ്രണയം ആയിരുന്നു എന്ന് കരുതി സമാധാനിക്കാം.. "ദേവിന്... ദേവിന് അറിയാമായിരുന്നോ മോളേ അതോ " "ഹ്മ്മ്... അറിയാം.. ഞാൻ തുറന്ന് പറഞ്ഞത് ആണ്,ആൾക്കും എന്നേ ഇഷ്ട്ടമാ, പക്ഷെ ഒരു കണ്ടിഷൻ വെച്ചു, അച്ഛന് പൂർണ സമ്മതം ആണെങ്കിൽ മാത്രം ആള് എന്നേ വിവാഹം കഴിക്കുവൊള്ളൂ എന്ന്.. ഞാൻ അത് അംഗീകരിക്കുകയും ചെയ്തു.. ദേവേട്ടന്റെ പെങ്ങളുടെ കല്യാണത്തിന് വരുമ്പോൾ വിവരം പറയാൻ ഇരുന്നത് ആണ്, പക്ഷെ അതിനു മുന്നേ ആദിയുടെ വീട്ടുകാർ വന്നില്ലേ... നെടുവീർപ്പോട് കൂടി പറയുമ്പോളും അവളുടെ മിഴികൾ നിറഞ്ഞു തൂവി.. ദേവ്, നല്ല പയ്യൻ ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു അയാളെ, പക്ഷെ മോളെ, ആദിയും ആയിട്ട് ഇത്രയും ഉറപ്പിച്ച സ്ഥിതിക്ക്,ഇനി ചിന്തിച്ചു വിഷമിച്ചു ഇരുന്നിട്ട് കാര്യം ഉണ്ടോ.. അമ്മ പറയുമ്പോൾ ജാനി ഒരു മറുപടിയും നൽകാതെ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു പോയി . അപ്പോളും അവളുടെ നെഞ്ചു വിങ്ങി പൊട്ടുകയാണ്.. *** ഫോണിൽ നോക്കി ഇരുന്നു നേരം കുറേ കഴിഞ്ഞ ശേഷം രാത്രിയിൽ കിടക്കാനായി വന്നത് ആയിരുന്നു ജാനി. ബെഡ് ഒക്കെ തട്ടിപ്പൊത്തി വിരിച്ച ശേഷം വാഷ്റൂമിൽ ഒക്കെ പോയി വന്നിട്ട് നേരെ വന്നു കിടന്നു. സമയം 11മണി കഴിഞ്ഞു. അപ്പോളാണ് ഫോൺ റിംഗ് ചെയ്തത്.. ദേവേട്ടൻ ഇങ്ങോട്ട് വിളിക്കുന്ന പതിവ് വളരെ കുറവ് ആണ്, എന്നോർത്ത് കൊണ്ട് എടുത്തു നോക്കിയപ്പോൾ ആദി കാളിംഗ് എന്നായിരുന്നു എഴുതി വന്നത്. ഫോൺ എടുത്തു കാതോട് ചേർത്ത് വെച്ചു. ഹെലോ.. ഹായ് ജാനി, കിടന്നാരുന്നോ? കിടന്നു, ആദി കിടന്നില്ലേ. ഹേയ് ടൈം ആകുന്നത് അല്ലേ ഒള്ളു, ഞാൻ റൂമിൽ വരുമ്പോൾ 12മണിയെങ്കിലും ആകും. ഹ്മ്മ്.... അവൾ ഒന്ന് മൂളി വീട്ടിൽ എപ്പോൾ ചെന്നു, ഒരുപാട് ലേറ്റ് ആയോ. 7മണി കഴിഞ്ഞപ്പോൾ എത്തി, ആദിയോ? "ഞങ്ങൾ 9മണി ആയപ്പോൾ എത്തിയത് " "ഹ്മ്മ്," "ജാനി, നമ്മൾ രണ്ടാളും ഇതേ വരെ ആയിട്ടും തനിച്ചു ഒന്ന് മീറ്റ് ചെയ്തിട്ടില്ലല്ലോ, നാളെ ഇയാള് ഫ്രീയാണെങ്കിൽ, ടൗണിൽ വരാൻ പറ്റുമോടോ " "ഞാൻ പറയാം ആദി, അമ്മയോട് ഒന്ന് ചോദിക്കട്ടെ, പുറത്തു പോകണം എന്നൊക്കെ അമ്മ എന്നോട് പറഞ്ഞിരുന്നു," "മ്മ്... ഓക്കേ, ചോദിച്ചിട്ട് മതി, നമ്മൾക്ക് ഒന്ന് ഓപ്പൺ ആയിട്ട് സംസാരിക്കാൻ വേണ്ടിയാ, ജസ്റ്റ്‌ വൺ അവർ, അത് കഴിഞ്ഞു പോകാം " "ആദിയ്ക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ" പെട്ടന്ന് അവൾ ചോദിച്ചു. "എനിക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും പറയാൻ ഇല്ലടോ,പക്ഷെ തനിക്ക് എന്നോട് എന്തൊക്കെയോ പറയുവാൻ ഉണ്ടെന്ന്, തന്റെ മുഖം കണ്ടപ്പോൾ തോന്നി, അതുകൊണ്ട് ആണ് ഞാൻ ഇപ്പൊ വിളിച്ചത് പോലും " അവന്റെ സംസാരം കേട്ടപ്പോൾ ജാനി ഒരു നിമിഷം നിശബ്ദയായി. "എടോ, എന്ത് വേണേലും, എപ്പോൾ വേണേലും ഫ്രീയായിട്ട് തനിക്ക് എന്നോട് പറയാം, അതിൽ യാതൊരു ഡിസ്റ്റൻസും വേണ്ട കേട്ടോ... പിന്നീട് പറയാം എന്ന് കരുതുന്ന പല കാര്യങ്ങളും ആയിരിക്കും ഒരുപക്ഷെ നമ്മുടെ ജീവിതം മാറ്റി മറിയ്ക്കുന്നത് " അവന്റെ വാക്കുകൾ കേൾക്കും തോറും ജാനി ഒന്നും മിണ്ടാതെ ഫോണും കാതോട് ചേർത്ത് അങ്ങനെ നിന്നു......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story