Novel

കാശിനാഥൻ-2: ഭാഗം 33

രചന: മിത്ര വിന്ദ

എനിക്ക് എന്റെ ആദിയെ കാണണം… കണ്ടേ തീരൂ…

അവൾ അലറി വിളിച്ചു..

ഒടുവിൽ ജാനിയെയും ആയിട്ട് എല്ലാവരും കൂടി സിറ്റി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

പ്രാർത്ഥനയോട് കൂടി അവൾ വണ്ടിയിൽ ഇരുന്നു.

ആദിയേ രക്ഷിക്കണേ… ആ പാവം എനിക്ക് വേണ്ടി ദേവിനോട് സംസാരിക്കാൻ പോയത് ആണ്. ഈ ദുരവസ്ഥ വന്നു ഭവിച്ചല്ലോ…. ഈശ്വരാ എന്തൊരു വിധി ആണ്

ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിറുത്തിയപ്പോൾ, ജാനിയേ വിറയ്ക്കുകയായിരുന്നു.

പാറു അവളുടെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് പതിയെ അകത്തേക്ക് കയറി.
റിസപ്ഷനിൽ ചെന്ന് തിരക്കിയപ്പോൾ അവർ ഓ ടി യുടെ മുന്നിലേക്ക് പറഞ്ഞു വിട്ടത്.

ജാനിയും കൂട്ടരും ചെന്നപ്പോൾ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.

രവി ശങ്കറും ഭാര്യ ശ്രീലതയും കരഞ്ഞു കൊണ്ട് ഇരിപ്പുണ്ട്. കൂടെ വേറെ ഒന്ന് രണ്ടു സ്ത്രീകളും ഉണ്ട്. എല്ലാവരും ഇരുന്നു കരയുകയാണ്. അപ്പോളാണ് ജാനിയെ അവർ കണ്ടത്.

ശ്രീലതയുടെ അരികിലേയ്ക്ക് അവൾ വന്നപ്പോൾ അവരുടെ നിലവിളി പോലും ഉച്ചത്തിൽ ആയിരുന്നു.

ജാനിയും കരഞ്ഞു പോയി.

ഓപ്പറേഷന് കയറ്റിയത് ആണെന്നും 30%മാത്രമേ ഡോക്ടർ പറഞ്ഞിട്ടുള്ളു എന്നും അമ്മയോട് ഒരാൾ അടക്കം പറയുന്നത് ജാനി കേട്ടു..
അവളുടെ നെഞ്ചിൽ എന്തോ വലിയൊരു ഭാരം ആരോ കൊണ്ട് വെച്ചത് പോലെയാണ് അപ്പോൾ തോന്നിയത്..

ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവൾ ശ്രീലതയുടെ അരികിൽ ഇരുന്നു.

മോളെ ജീവൻ ആയിരുന്നു, കണ്ട അന്ന് തന്നെ എന്നോട് പറഞ്ഞു എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ജാനി മാത്രം ആണെന്ന്…

ശ്രീലത അത് പറയുമ്പോൾ ജാനിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചു ഇറങ്ങി.

ഇന്നലെ ഡ്രസ്സ്‌ എടുക്കാൻ വന്നപ്പോൾ മോളുടെ മുഖം ഒക്കെ വല്ലാതായി, എന്താണ് ഇത്രയ്ക്ക് ക്ഷീണം പറ്റിയത് എന്നൊക്കെ ചോദിച്ചു വല്ലാത്ത ആകുലത ആയിരുന്നു.
തിരികെ വീട്ടിലേക്ക് പോരുമ്പോൾ അതും പറഞ്ഞു ഞങ്ങൾ അവനെ കളിയാക്കി.

ഒടുവിൽ എന്റെ മോന്…. എന്റെ പൊന്ന് മോന് ഇങ്ങനെ ഒരു വിധി വന്നല്ലോ..

അവർ കരഞ്ഞു കൊണ്ട് ചുവരിലേക്ക് തല ചേർത്തു വെച്ചു.

ഒന്നിനും മറുപടി പറയാതെ ജാനിയുടെ ഉള്ളം തേങ്ങി.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.

സമയം വെളുപ്പിന് മൂന്നു മണി ആയിരുന്നു.

ആരും ഒന്ന് കണ്ണു പോലും ചിമ്മാതെ കാത്തിരിക്കുകയാണ്.

ഏതെങ്കിലും ഒരു ഡോക്ടർ ഒന്ന് ഇറങ്ങി വന്നിരുന്നു എങ്കിൽ എന്ന് എല്ലാവരും മോഹിച്ചു.

കാശി ആണെങ്കിൽ ഒരു നൂറു തവണ ഫോണിൽ വിളിക്കുന്നുണ്ട്.

ആളു എയർപോർട്ടിൽ എത്തിയെന്ന്നും ഉടനെ അവിടേക്ക് വരുകയാണെന്നും ഒക്കെ പാറുവിനോട് പറഞ്ഞു.

പ്രാർത്ഥനയോടെ അവളും ഇരിക്കുകയാണ്.

മകളുടെ ജീവിതം….
ഈ വിവാഹo
എല്ലാം ഓർത്തപ്പോൾ 24വർഷം പിറകിലേക്ക് ചിന്തിക്കുക ആയിരുന്നു പാറു.

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ താനും ഇതുപോലെ അനുഭവിച്ചു.

അച്ഛനും അമ്മയും താനും കൂടി കരഞ്ഞു കൊണ്ടിരുന്ന ദിവസങ്ങൾ.

എല്ലാം കൂടി ഓർത്തപ്പോൾ തന്റെ മകളുടെ കണ്ണീരു കണ്ടപ്പോൾ ഒക്കെ അവളും ഓർത്തത് ജാനിയുടെ സ്ഥാനത്ത് തന്നെ ത്തന്നേ ആയിരുന്നു..

ആദിയുടെ അമ്മ പറഞ്ഞ ഓരോ വാചകങ്ങളും കേട്ട് കൊണ്ട് ജാനി യും അവരുടെ അരികിൽ ഇരിക്കുകയാണ്.

ആദി ഒരുപാട് തന്നെ സ്നേഹിച്ചിരുന്നു.

എന്നിട്ടും, തന്റെ ഉള്ളിൽ മറ്റൊരുവൻ ആണെന്ന് അriഞ്ഞപ്പോൾ യാതൊരു ഭാവ വ്യത്യാസവും കാണിക്കാതെ ദേവേട്ടനുമായിട്ട് ഉള്ള വിവാഹം നടത്താൻ തന്റെ ഒപ്പം നിന്നവൻ..
അച്ഛനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കാം, അതിനു മുന്നേ തന്റെ ദേവിനെ ഒന്ന് കണ്ടു സംസാരിക്കട്ടെ എന്ന് പറഞ്ഞു തന്റെ അടുത്ത് നിന്ന് യാത്ര പറഞ്ഞു പോയവൻ ആണ് ഇന്ന് ഈ ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ട് കിടക്കുന്നത്.

ഈശ്വരാ… എന്തൊരു വിധി ആണിത്.. ഇങ്ങനെ പരീക്ഷിക്കാൻ അത്രമേൽ എന്തെങ്കിലും പാപം ചെയ്തവർ ആണോ തങ്ങൾ..

അവളുടെ കണ്ണിൽ നിന്നും ധാര ധാരയായി മിഴിനീർ പെയ്തു.

പെട്ടെന്ന് ആയിരുന്നു ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറക്കപ്പെട്ടത്.
എല്ലാവരും എഴുന്നേറ്റ് ഓടിച്ചെന്നു.

സർജറി കഴിഞ്ഞിട്ടുണ്ട് ഡോക്ടർ വന്ന് ഡീറ്റെയിൽസ് പറയും കേട്ടോ.

ഒരു നേഴ്സ് പുറത്തേക്ക് വന്നു, അത്രമാത്രം പറഞ്ഞതേയുള്ളൂ.

ആദിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ,ഡോക്ടർ പറയും എന്നായിരുന്നു അവർ മറുപടി പറഞ്ഞത്.

വീണ്ടും പ്രാർത്ഥനയോടുകൂടി, അവർ അവിടെ നിന്നു.

ഏകദേശം 15 മിനിറ്റോളം കഴിഞ്ഞു,വീണ്ടും ആ വാതിൽ തുറക്കപ്പെട്ടപ്പോൾ.

കടും പച്ച നിറമുള്ള ഒരു ഗൗണ് ഇട്ടുകൊണ്ട്,മൂന്ന് ഡോക്ടർസ് ആണ് ഇറങ്ങിവന്നത്, ഒപ്പം രണ്ടു സിസ്റ്റേഴ്സും ഉണ്ടായിരുന്നു.

ആദിയെ സർജറി ചെയ്ത ഡോക്ടർ ആണെന്ന് തോന്നുന്നു ഒരു സിസ്റ്ററോട് ഫയൽ തരുവാൻ ആവശ്യപ്പെട്ടു.

ആ ഫയൽ വാങ്ങിയശേഷം, അയാൾ ആദിയുടെ പേരന്റ്സ് ആരാണെന്ന് ചോദിച്ചു.

അവർ മുന്നോട്ടു കയറിച്ചെന്നു,

സർജറി കഴിഞ്ഞുവെന്നും, പേഷ്യന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും,  ആളുടെ ബിപി നോർമൽ ആകുന്നില്ല എന്നും ഒക്കെ ആയിരുന്നു അയാൾ പറഞ്ഞത്.

സർജറി ചെയ്തപ്പോൾ അയാൾ പ്രതികരിക്കുന്നുണ്ടായിരുന്നു.ബിപിയും ആ ടൈമിൽ പ്രോബ്ലം ഒന്നുമില്ലായിരുന്നു,അതുകൊണ്ട് മാത്രമാണ് തങ്ങൾ ഇങ്ങനെ ഒരു ഉദ്യമത്തിന് തയ്യാറായത്,പക്ഷേ ഇപ്പോൾ അരമണിക്കൂർ ആയിട്ട്, ബിപിയിൽ വേരിയേഷൻ ഉണ്ട്, അതുകൊണ്ട്,ഒരു ഡോക്ടറെന്ന നിലയ്ക്ക്, ഇപ്പോൾ, ആദി നാരായണനെ കുറിച്ച് ഒന്നും പറയാൻ  തനിക്ക് പറ്റുന്നില്ലെന്നും, എല്ലാം ഈശ്വരന് വിട്ടുകൊടുക്കാ മെന്നുമായിരുന്നു അയാൾ പറഞ്ഞത്.

ഇങ്ങനെ പല കേസുകളും ഉണ്ടായിട്ടുണ്ടെന്നും,60% പേര് ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്, അതുകൊണ്ട് നമ്മൾക്ക് പ്രത്യാശിക്കാം, എല്ലാവരും നന്നായി പ്രാർത്ഥിക്കാൻ എന്ന് അയാൾ രവി ശങ്കറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

അടുത്ത നാലഞ്ചു മണിക്കൂർ നിർണായകമാണെന്നും, തങ്ങൾ എല്ലാവരും ഇവിടെ തന്നെ ഉണ്ട്, പേഷ്യന്റിനെ,  നന്നായി ശ്രദ്ധിക്കുന്നുണ്ട് എന്നും ഒക്കെ പറഞ്ഞശേഷം ഡോക്ടർ അകത്തേക്ക് കയറിപ്പോയി.

പേഷ്യന്റിനെ ഇവിടെ കൊണ്ടുവരുമ്പോൾ ധരിച്ചിരുന്ന ഡ്രസ്സ് ആണെന്ന് പറഞ്ഞു,  ഒരു സിസ്റ്റർ കൊണ്ടുവന്ന് കവർ ഏൽപ്പിച്ചത് ജാനിയെ ആയിരുന്നു.

വിറക്കുന്ന കൈകളോടെ അവൾ അതു മേടിച്ച്, നെഞ്ചോട് ചേർത്തുവെച്ച്  പൊട്ടിക്കരയുന്നത് കണ്ടപ്പോൾ അവിടെയിരുന്ന് ഓരോരുത്തരും കരഞ്ഞു പോയി.

ശ്രീലത വന്ന് അത് ജാനിയോട് മേടിക്കുവാൻ ശ്രമിച്ചുവെങ്കിലും അവൾ കൊടുക്കാൻ തയ്യാറായില്ല.

ഇതെന്റെ കയ്യിൽ ഇരിക്കട്ടെ എന്നു പറഞ്ഞു അവൾ തന്റെ മാറോട് ചേർത്തു വെച്ചു.

അത് കണ്ടപ്പോൾ പാറുവിന്റെ ഹൃദയം അലമുറയിടുകയായിരുന്നു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button