Novel

കാശിനാഥൻ-2: ഭാഗം 36

രചന: മിത്ര വിന്ദ

വിവാഹത്തിന് കുറച്ചു ദിവസം ബാക്കി നിൽക്കെ ആയിരുന്നു ആദിയുടെ ആക്‌സിഡന്റ്. അതും അവനു തളർന്ന് കിടപ്പ് ആയതു കൊണ്ട് ഇനി ഉടനെ ഒരു വിവാഹം…. അത് സാധിക്കുകയില്ല എന്നുള്ളത്, ശ്രീലതയ്ക്കും രവിശങ്കറിനും അറിയാമായിരുന്നു.
വിവാഹ കാര്യത്തെ കുറിച്ച് എന്നതിലുപരി,  അവർ അപ്പോൾ മകന്റെ ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കുന്നതിൽ ആയിരുന്നു പ്രാധാന്യം കാണിച്ചത്.
എന്നാൽ ചില ബന്ധുക്കൾ ഒക്കെ അവരോട്, ആരാഞ്ഞപ്പോൾ, സത്യത്തിൽ ഒരു മറുപടി പറയാൻ ആകാതെ ഇരുവരും വിഷമിച്ചു.
രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ആദിയെ റൂമിലേക്ക് മാറ്റിയത്.
കഴിഞ്ഞ രണ്ടു ദിവസവും,ജാനിയും അച്ഛനും അമ്മയും ഒക്കെ,ആദിയുടെ വിവരം അന്വേഷിച്ച് അവനെ കാണുവാൻ വേണ്ടിയും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു.എന്നാൽ,ഐസിയുവിലേക്ക് പെർമിഷൻ,ഇല്ലാഞ്ഞതുകൊണ്ട് അവർക്ക് അവനെ കയറി കാണുവാൻ സാധിച്ചില്ല.
അവൻ കൂടുതൽ റിക്കവർ ആയി വരുന്നുണ്ടെന്ന്, അച്ഛനും അമ്മയും  ഒക്കെ പറഞ്ഞു..
ആ സമയത്ത് ആയിരുന്നു ശ്രീലതയുടെ മൂത്ത സഹോദരൻ, വിവരം തിരക്കി ഹോസ്പിറ്റലിൽ എത്തിയത്. കാശിയെയും  അറിവിനെയും ഒക്കെ അവിടെവച്ച് അയാൾ കാണുവാൻ ഇടയായി.
വിവാഹം,അതിനി ഉടനെ ഉണ്ടാവില്ല അല്ലേ… അയാൾ കാശിയോട് ചോദിച്ചപ്പോൾ പെട്ടെന്ന് അവൻ ഒന്ന് പതറി.
ഇനിയും കുറച്ചു ദിവസംങ്ങൾ അല്ലേ ഒള്ളു.. പിന്നെ അവൻ ഈ കിടപ്പ് കിടക്കുമ്പോൾ എങ്ങനെയാ അല്ലേ…. ആളുകളെയൊക്കെ അറിയിക്കേണ്ടേ, ഈ ആക്സിഡന്റിന്റെ കാര്യമൊന്നും എല്ലാവരും അറിഞ്ഞു കാണണമെന്നില്ല.

ആദിയുടെ അമ്മാവൻ വളരെ ഗൗരവത്തിൽ പറഞ്ഞു.

എല്ലാം നമ്മൾക്ക് വേണ്ടതുപോലെ ചെയ്യാമെന്ന് പറഞ്ഞ് രവിശങ്കർ ഉടനെ, വേറെ വിഷയം എടുത്തിട്ടു.

പെട്ടെന്ന് കാശിനാഥന്റെ ഫോണിലേക്ക് ആരോ വിളിച്ചപ്പോൾ, അവൻ ആ കോൾ അറ്റൻഡ് ചെയ്ത് വെളിയിലേക്ക് ഇറങ്ങി പ്പോയി.
പിന്നെയും ആരൊക്കെയോ, ആദിയെ കാണുവാനായി എത്തിയിരുന്നു.
അല്പസമയം കൂടി സംസാരിച്ചിരുന്ന ശേഷം കാശിയും പാർവതിയും അവരോട് യാത്ര പറഞ്ഞു ഇറങ്ങി
പോയിരിന്നു.

തൊട്ടടുത്ത ദിവസമാണ് ആദിയേ റൂമിലേക്ക് മാറ്റിയത്..

എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവൻ കണ്ടപ്പോൾ ശ്രീലതയുടെ ഉള്ളം വേദന കൊണ്ട് വിങ്ങി..

മോനേ… അരികിൽ ഇരുന്ന് അവർ അവന്റെ നെറുകയിൽ തലോടി.

ഹ്മ്മ്….

വേദന ഉണ്ടോടാ..

ഹേയ്.. ഇല്ലമേ…

പിന്നെന്താണ് മോൻ ഒന്നും മിണ്ടാതെ കിടക്കുന്നത്.

ഹേയ്… ഒന്നുല്ല.. വെറുതെ.

സാരമില്ലന്നേ,വിഷമിക്കണ്ടടാ…. എന്തോ ഒരു വലിയ ദുരന്തം, അത് എന്റെ മോനെയും അപഹരിച്ചുകൊണ്ട് പോകുവാൻ ഇരുന്നതാണ്, ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രം, നിന്നെ ഞങ്ങൾക്ക് തിരികെ ലഭിച്ചതാണ് മോനെ, നിന്റെ ആയുസ്സ്, അത് ഈശ്വരൻ തന്നല്ലോ,അതുമാത്രം മതി ഈ അച്ഛനും അമ്മയ്ക്കും, എന്റെ പൊന്നുമോന്  മറ്റൊന്നും ഓർത്ത് ഇപ്പോൾ വിഷമിക്കേണ്ട,കേട്ടോ…

ഹ്മ്മ്….
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്തോ, ആദിയുടെ മിഴികൾ നിറഞ്ഞൊഴുകി,
അവന്റെ ഇടത്തെ ചെന്നിയിലൂടെ ഒഴുകിവന്ന മിഴി നീർ തുടച്ചുകൊടുത്തത് രവിശങ്കർ ആയിരുന്നു.

എന്താ ആദി, കൊച്ചുകുട്ടികളെ പോലെ കരയുവാണോ നീയ്,,,,എടാ കൂടിപ്പോയാൽ ഒരു, മാസം, അത് കഴിഞ്ഞാൽ പിന്നെ നീ ആക്റ്റീവ് ആയിട്ട് എഴുന്നേൽക്കും, ലോകത്തിന്റെ ഏതു കോണിൽ കൊണ്ടുപോയി ആണെങ്കിലും ശരി നിന്നെ ഞാൻ, ചികിത്സിച്ച് നടത്തിയിരിക്കും, ഞാൻ സമ്പാദിച്ചുകൂട്ടിയ ഒരു സ്വത്തും എനിക്ക് വേണ്ട, എല്ലാം എന്റെ മോനുവേണ്ടി ചിലവഴിക്കാൻ അച്ഛനും അമ്മയും തയ്യാറാണ്, അതുകൊണ്ട്,ഒന്നുകൊണ്ടും വിഷമിക്കേണ്ട, മോനേ.. പെട്ടെന്ന് തന്നെ നീ പഴയ രീതിയിലേക്ക് വരും.
അത്രമേൽ ആത്മവിശ്വാസത്തോടെ രവിശങ്കർ മകനെ നോക്കി പറഞ്ഞു.
അപ്പോഴാണ് ഡോറിൽ ആരോ തട്ടുന്നതുപോലെ തോന്നിയത്.
ശ്രീലത ചെന്ന് വാതിൽ തുറന്നപ്പോൾ,ജാനിയായിരുന്നു.
അവളെ കണ്ടതും ശ്രീലത പുഞ്ചിരിച്ചു.
“ആദി,എപ്പോളാണ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തത്”
ചോദിച്ചുകൊണ്ട് അവൾ അവന്റെ അരികിലേക്ക് ഓടിവന്നു.

“അരമണിക്കൂറായി കാണും മോളെ,ഡോക്ടർ റൗണ്ട്സിന് ഇന്ന് നേരത്തെ എത്തിയിരുന്നു,ഇവിടെ ഇന്ന് സർജറി ഡേ ആണ്,സോ, ആദിയെ,  ഇവിടേക്ക് മാറ്റുവാൻ വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് അദ്ദേഹം തിയേറ്ററിലേക്ക് പോയി”
രവിശങ്കർ ആദിയുടെ അരികിൽ നിന്നും എഴുന്നേറ്റു.

ആദി..

വിളിച്ചുകൊണ്ട് അവൾ അവന്റെ
ബെഡിന്റെ അരികിലായി കിടന്ന കസേരയിൽ ഇരുന്നു. എന്നിട്ട് അവന്റെ കയ്യിൽ മെല്ലെ വിരൽ ഓടിച്ചു.

ശ്രീലതയും രവിശങ്കറും റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിപ്പോയത് മനപൂർവ്വമാണെന്ന് ആദിക്ക് മനസ്സിലായി.

” ഇപ്പോൾ വേദനയൊക്കെ കുറവുണ്ടോ ആദി”
അവൾ ചോദിച്ചതും അവൻ ഉണ്ടെന്ന് മെല്ലെ മുഖം ചലിപ്പിച്ചു.

” താൻ ഒറ്റയ്ക്കാണോ വന്നത്”?
“മ്മ്.. അതെ, അച്ഛന്,  നമ്മുടെ വിവാഹം നടത്തുവാൻ വേണ്ടിയിരുന്ന കൺവെൻഷൻ സെന്ററിൽ പോയിരിക്കുകയാണ്,അത് ക്യാൻസൽ ചെയ്യുവാൻ വേണ്ടി”

“ഹ്മ്മ് ”
അവൻ ഒന്നും മൂളി.

” ആദിക്ക് എന്നോട് വെറുപ്പുണ്ടോ ”
ചോദിച്ചപ്പോൾ അവളുടെ വാക്കുകൾ ഇടറി.
എന്തിനാടോ എനിക്ക് തന്നോട് വെറുപ്പ്,അതിനുമാത്രം ഒരു ദ്രോഹവും താൻ എന്നോട് ചെയ്തിട്ടില്ലല്ലോ.

ഞാൻ കാരണമല്ലേ ആദിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്,എനിക്കുവേണ്ടി ദേവേട്ടനോട് സംസാരിക്കാൻ പോയതല്ലേ,എന്നിട്ട് ഒടുക്കം അത്, ഇങ്ങനെയൊക്കെ അവസാനിച്ചല്ലോ.

“അതൊന്നും സാരമില്ലെടോ,അതല്ലെങ്കിൽ വേറൊരു രീതിയിൽ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആകണമെന്ന്,മുകളിൽ ഒരാൾ തീരുമാനിച്ചു വിട്ടതാണ്.അതൊക്കെ അങ്ങനെതന്നെ നടക്കേണ്ട രീതിയിൽ നടക്കും. താൻ അതിനു വിഷമിക്കുകയൊന്നും വേണ്ട. ”

അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞ തൂവി.
ആദിയുടെ, കൈത്തണ്ടയിലേക്ക് മുഖം ചേർത്ത് അവൾ വിങ്ങിപ്പൊട്ടി.

“ഹേയ് ജാനി, ഇങ്ങനെ കരയാനും മാത്രം ഒന്നും സംഭവിച്ചില്ല്ലോ, ഈശ്വരൻ എനിക്കെന്റെ ജീവൻ തിരിച്ച് തന്നില്ലേ, ഇനി എവിടെയെങ്കിലും പോയി നല്ലൊരു ട്രീറ്റ്മെന്റ് ഒക്കെ നടത്തി പഴയപോലെ ആകണം, ”

അവൻ തന്റെ കൈ മെല്ലെ പിൻവലിച്ച ശേഷം അവളുടെ കവിളിൽ തലോടി..

“താൻ ഇങ്ങനെ കരഞ്ഞ് ഇരിക്കല്ലേ പ്ലീസ്…എനിക്ക് അതാണ് കാണാൻ പറ്റാത്തത്…”

അവൻ എത്രയൊക്കെ പറഞ്ഞിട്ടും ജാനിയുടെ കണ്ണ്നീർ തോർന്നിരുന്നില്ല.

ജാനി, എടോ…. അച്ഛനും അമ്മയും കയറി വന്നാൽ നാണക്കേടാണ് കേട്ടോ, കണ്ണുതുടയ്ക്ക്,എടോ…

അവൻ അല്പം ശബ്ദം ഉയർത്തി.
ജാനി,ഇതൊക്കെ ദൈവനിശ്ചയമാണ്,ഒരുപക്ഷേ താനും തന്റെ ദേ
വും ഒന്നാവാൻ ആയിരിക്കും,ഈശ്വരൻ ഇങ്ങനെയൊരു,ഡ്രാമ കളിച്ചത്.നമ്മൾക്ക് കാശി അങ്കിളിനോട് സംസാരിക്കാം,എന്നിട്ട് തന്റെ കാര്യം ഞാൻ റെഡിയാക്കി തരാം,ഒന്ന് ഫോൺ വിളിച്ചു തരാമോ,ഞാൻ വിവരങ്ങളൊക്കെ ധരിപ്പിക്കാം.

ആദി….. ഞാൻ.. ഞാനൊരു കാര്യം പറഞ്ഞാൽ ആദി സമ്മതിക്കുമോ.?

പെട്ടെന്ന് അവൾ മുഖമുയർത്തി അവനെ നോക്കി,ശേഷം ഒഴുകിവന്ന കണ്ണുനീർ,വലം കൈകൊണ്ട് തുടച്ചു മാറ്റി.

ഹ്മ്മ്..  താൻ പറയ് എന്താടോ കാര്യം.

ആദി ഞാൻ ഒരുപാട് ആലോചിച്ചു തീരുമാനം എടുത്തതാണ്, ഇതിന്റെ പേരിൽ ആദി എന്നോട്, എതിരൊന്നും പറയരുത്,കേട്ടോ..

ഇല്ലന്നേ… താൻ ആദ്യം എന്താണെന്ന് പറ കേൾക്കട്ടെ.

നേരത്തെ കുറിച്ച മുഹൂർത്തത്തിൽ തന്നെ നമ്മുടെ വിവാഹം നടക്കും, ആർഭാടമായിട്ടൊന്നും വേണ്ട ആ ചടങ്ങ് മാത്രം നടത്തിയാൽ മതി. ആദിക്ക് എന്നെ വിവാഹം കഴിക്കുവാൻ പറ്റില്ലേ..

ജാനി …

അവൻ അവളെ തുറിച്ചു നോക്കി.

എന്തു വിവരക്കേടാണ് താനീ പറയുന്നതൊക്കെ,.നമ്മുടെ വിവാഹമോ… അത് ഒരിക്കലും നടക്കില്ല,സ്നേഹിച്ചവർ ആണടോ ഒന്നവേണ്ടത്,താൻ സ്നേഹിച്ചത് ദേവിനെയാണ്, അയാൾക്ക്, തന്റെ കുടുംബത്തെ അപേക്ഷിച്ച് നോക്കുമ്പോൾ,ഒരുപാട് കുറവുകൾ ഉണ്ട് അതും പണത്തിന്റേതായ കുറവുകൾ മാത്രം, കാര്യങ്ങളൊക്കെ പറഞ്ഞു കഴിയുമ്പോൾ കാശിയങ്കിൾ ഈ വിവാഹത്തിന് സമ്മതിക്കുമെടോ.താൻ ഇപ്പൊ എന്നോട് ഇങ്ങനെ ആവശ്യപ്പെട്ടത് തന്നെ എന്തിനാണ് എന്ന് അറിയാമോ.. തന്റെ ഉള്ളിലെ കുറ്റബോധം… അതുകൊണ്ട് മാത്രം ആണെടോ.. അല്ലാതെ ദേവിനോട് വെറുപ്പ് ആയിട്ടോ, ഇഷ്ട്ടം ഇല്ലാഞ്ഞിട്ടോ ഒന്നും അല്ല… ശരിയല്ലേ ജാനി.

ആദി ചോദിച്ചതും
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button