കാശിനാഥൻ : ഭാഗം 30
രചന: മിത്ര വിന്ദ
എന്തോ ആവശ്യത്തിനായി അലമാര തുറന്നപ്പോഴാണ്, താൻ വാങ്ങിക്കൊടുത്ത ജ്വല്ലറി ബോക്സ് കാശിയുടെ കണ്ണിൽ ഉടക്കിയത്..
അവൻ അതു മെല്ലെ വലിച്ചെടുത്തു..
തുറന്നുനോക്കി..
ശേഷം അവൾക്കായി വാങ്ങിയ പാദസ്വരം തന്റെ കൈയിലേക്ക് എടുത്തു..
പാർവതി ഉറങ്ങിയോ?
അവൻ ചോദിച്ചതും പാറു ബെഡിൽ എഴുനേറ്റ് ഇരുന്നു
“ഇല്ല കാശിയേട്ടാ.. ഞാൻ വെറുതെ കിടക്കുവായിരുന്നു…”
എന്ന് പറഞ്ഞു കൊണ്ട് നോക്കിയപ്പോൾ ആണ് അവന്റെ കൈയിൽ ഇരിക്കുന്ന പാദസ്വരം പാറു കണ്ടത്.
“ഇതാ…. ഇത് തനിക്കായി വാങ്ങിയത് അല്ലേ. പിന്നെന്താ അലമാരയിൽ വെച്ചിരിക്കുന്നത്..”
“അത് പിന്നെ… എനിക്ക്…”
“മ്മ്.. ഇഷ്ടം ആയില്ലേ “?
“അതുകൊണ്ട് അല്ല ഏട്ടാ ”
“പിന്നെന്താ ”
“എന്തോ…. എനിക്ക് ഇത് ഇടാൻ ഒരു മടി ”
“എന്തിന്….”
“അവരൊക്കെ എന്തേലും പറയും.അതു കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും…”
പാറുവിന്റെ മുഖം താന്നു പോയിരിന്നു.
“മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ചു ആണോ താൻ എന്തെങ്കിലും ചെയ്യുന്നത്…..”
പാറു അവന്റെ മുഖത്തേക്ക് നോക്കാതെ കൊണ്ട് അപ്പോളും അതേ ഇരുപ്പ് തുടർന്ന്..
“നിനക്ക് ശരി എന്ന് തോന്നുന്നത് എന്തും ചെയ്യാൻ ഉള്ള അധികാരം ഉള്ളവൾ ആണ് നീയ്… അത് അമ്മയോ മാളവികയോ പറഞ്ഞാൽ ഒന്നും മാറ്റാൻ കഴിയുന്നത് ആവരുത്.സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ കഴിവില്ലാത്തവൾ ആകാൻ പാടില്ല പാർവതി…. അത് ഇയാളുടെ നിലനിൽപ്പിനു പോലും ഭീഷണി ആവും പിന്നീട്…”
അവൻ പറഞ്ഞു കഴിഞ്ഞതും പാറു പതിയെ തല കുലുക്കി.
“നിന്റെ ഭർത്താവ് ആണ് ഇതെല്ലാം നിനക്ക് മേടിച്ചു തന്നത്. അതു കണ്ടിട്ട് ആരൊക്കെ എന്തൊക്കെ പുലമ്പിയാലും നി ഒന്നും കാര്യമാക്കേണ്ട… കേട്ടല്ലോ ‘
എന്ന് പറഞ്ഞു കൊണ്ട് കാശി അവളുടെ മുന്നിൽ ആയി മുട്ട് കുത്തി ഇരുന്നു…
പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങും മുന്നേ കാശി അവളുടെ വലതു കാൽപാദം എടുത്തു തന്റെ കാൽ മുട്ടിന്റെ മുകളിലായി തുടയിലേക്ക് അവൻ വെച്ചു.
യ്യോ… കാശിയേട്ടാ… ഞാൻ… ഞാൻ ഇട്ടോളാം…..
അവൾ കുതറി കൊണ്ട് പറഞ്ഞു എങ്കിലും കാശി അതൊന്നും കേട്ടതായി ഭാവിച്ചില്ല.
അവളുടെ പാവാട അല്പം മേല്പോട്ട് അവൻ ഉയർത്താൻ തുടങ്ങിയതും പാറു കുനിഞ്ഞു അവന്റെ കൈക്ക് കയറി പിടിച്ചു.
ഞ… ഞാൻ ഇട്ടോളാം.. പ്ലീസ്..
പക്ഷെ അപ്പോളും കാശി അതൊന്നും മൈൻഡ് ചെയ്യാനേ പോയില്ല…
പാവാട മേല്പോട്ട് തെറുത്തു വെച്ച് കൊണ്ട,പാദസ്വരം എടുത്തു അവളുടെ കാലിലേക്ക് ചുറ്റിച്ചു കൊണ്ട് അവൻ കൊളുത്തു അടുപ്പിച്ചു.. ശേഷം അതു ഒന്ന് കൂടി ഉറപ്പിക്കുവാനായി അവന്റ മുഖം താഴ്ത്തി,,, അവന്റ ശ്വാസം തട്ടിയതും പാറു ഒന്ന് പിടഞ്ഞു കൊണ്ട് പിന്നോട്ട് ഏങ്ങി പോയിരിന്നു..
തന്റെ ദന്തങ്ങൾ കൊണ്ട് കൊളുത്തു അടുപ്പിച്ച ശേഷം അവന്റ അധരം അവളുടെ പാദത്തിൽ ഒന്ന് മുത്തിയാതായി പാറു വിന് തോന്നി..
അവളുടെ ഇടത്തെ കാലിലും അതേ പോലെ തന്നെ പാദസ്വരം അണിയിച്ചു കൊടുത്ത ശേഷം കാശി എഴുന്നേറ്റത്.
അവൻ നോക്കിയപ്പോൾ
പെണ്ണിന്റെ മുഖം ഒക്കെ ചുവന്നു തുടുത്തു ഇരിക്കുന്നു
ഇത് ഇവിടെ കിടന്നോളും.. കേട്ടല്ലോ… നിനക്ക് താങ്ങാൻ ആവുന്ന ഭാരം ഒള്ളു ….
ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കാശി ബെഡിലേക്ക് ഇരുന്നു.
സമയം 12 മണി കഴിഞ്ഞു കിടക്കുന്നില്ലേ
കാശി ചോദിച്ചതും പാറു വേഗം തന്നെ ചുവരിനോട് ചേർന്ന് കൊണ്ട് കിടന്നു കഴിഞ്ഞിരുന്നു
കഴിഞ്ഞു പോയ നിമിഷങ്ങൾ… അത് സ്വപ്നം ആയിരുന്നോ. കാശിയേട്ടൻ തന്റെ കാലിൽ പാദസരം ഇട്ടു തന്നിരിക്കുന്നു. പാറു ആണെങ്കിൽ ഒന്നുകൂടി ഉറപ്പുവരുത്തുവാനായി, മുഖം ഉയർത്തി തന്റെ കാൽപാദത്തിലേക്ക് നോക്കി…
അത് കണ്ടതും
അവളുടെ ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു..
“കിടന്നുറങ്ങു പാർവതി, നേരം കുറെയായി. നിന്റെ പാദസരം ആരും കട്ടോണ്ട് ഒന്നും പോകില്ല ”
കാശിയുടെ ശബ്ദം കേട്ടതും അവൾ വേഗം കണ്ണുകൾ ഇറുക്കി അടച്ചു…
***
താമസിച്ചു ആയിരുന്നു കിടന്നത് എങ്കിലും പാറു അതിരാവിലെ ഉണർന്നു.
അച്ഛമ്മയും അമ്മയും ഒക്കെ പുലർച്ചെ എഴുനേറ്റു കുളിച്ച ശേഷം ആണ് അടുക്കളയിൽ കയറുന്നത് പോലും എന്ന് ജാനകി ചേച്ചി തലേ ദിവസം അവളോട് പറഞ്ഞിരുന്നു.
അതുകൊണ്ട് അലാറം സെറ്റ് ചെയ്തു വെച്ച ശേഷം ആയിരുന്നു പാറു കിടന്നത്.
കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ കാശിയും ഉണർന്നു.
അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പാറു, മുടി അഴിച്ചു ഒന്ന് കൂടി തോർത്തി.
ഇതെന്താ ഒന്ന് ചിരിച്ചാല്. എപ്പോളും ഇങ്ങനെ ഗൗരവത്തിൽ തന്നെ ഇരുന്നോണം.
അവൾ പിറു പിറുത്തത കേട്ടു കൊണ്ട് കാശി ഫ്രഷ് ആവനായി പോയി..
പാറു അടുക്കളയിൽ ചെന്നപ്പോൾ പതിവുപോലെ ജാനകി ചേച്ചി ഉണ്ടായിരുന്നു.
അവളെ കണ്ടതും അവരൊന്നു ചിരിച്ചു.
തലേ ദിവസം മാളവിക ആണെകിൽ അവരോട് ദേഷ്യപ്പെട്ടത് കൊണ്ട് ജാനകി ചേച്ചിക്ക് ആകെ സങ്കടം ആയിരുന്നു..
ആദ്യം ആയിട്ട് ആണ് ജാനകി കരയുന്നത് എന്ന് അച്ഛമ്മ, ഇന്നലെ അമ്മയോട് പറയുന്നത് താനും കേട്ടിരുന്നു.
“ഇതാ മോളെ കാപ്പി…”
അവർ ഒരു കപ്പ് കാപ്പി എടുത്തു അവളുടെ നേർക്ക് നീട്ടി..
” ചേച്ചി കാപ്പി കുടിച്ചോ.. “?
“ഇല്ല മോളെ… എനിക്ക് അങ്ങനെ ശീലം ഒന്നുമില്ല…”
“മ്മ്…. ചേച്ചിയുടെ വീട് എവിടെയാണ്? വീട്ടിൽ ആരൊക്കെയുണ്ട്..”
“വീട് ഇവിടെ അടുത്താണ് മോളെ, പിന്നെ എന്റെ വീട്ടില് അങ്ങനെ പ്രത്യേകിച്ച് ആരുമില്ല, ആകെ ഉള്ളത് സ്വന്തം എന്ന് പറയാൻ എന്റെ അമ്മ മാത്രം ആയിരുന്നു , അഞ്ചു വർഷം മുമ്പ് അമ്മ മരിച്ചു പോയി..എനിക്ക് ചെറുപ്പത്തിലെ തന്നെ അച്ഛനെയും നഷ്ടപ്പെട്ടതാണ്.. ഇവിടെ വന്നിട്ട് എട്ടോൻപത് വർഷം കഴിഞ്ഞു…”
നമ്മൾ രണ്ടാളും തുല്യ ദുഖിതർ ആണ് അല്ലേ ചേച്ചി…
അവരുടെ കഥ കേട്ടതും പാറു മെല്ലെ ചോദിച്ചത് കേട്ട് കൊണ്ട് ആണ്, അച്ഛമ്മ കയറി വന്നത്.
ആഹ്.. പാർവതി ഉണർന്നോ?
പിന്നിൽ നിന്നും അച്ഛമ്മ യുടെ ശബ്ദം കേട്ടതും പാറു വേഗം എഴുന്നേറ്റു.
“അവിടെ ഇരുന്നോ കുട്ടി…എണീക്കുവൊന്നും വേണ്ടന്നെ…”
അച്ഛമ്മ വന്നു അവളുടെ അരികിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു.
ആഹാ പാർവതി മോളുടെ കമ്മലു കൊള്ളാല്ലോ.. നല്ല ഭംഗി ഉണ്ട് ഇതിട്ടിട്ട്.
“കാശിയേട്ടൻ വാങ്ങി തന്നതാ.. ഇന്നലെ വീട്ടിൽ പോയിട്ട് തിരികെ വന്ന വഴിക്ക്…..”
“ആഹാ.. നല്ല കാര്യം കേട്ടോ മോളെ.. അല്ലേലും എന്റെ കാശിക്കുട്ടൻ സ്നേഹം ഉള്ളവനാ..എന്റെ മോളെ അവനു ജീവനാ…”
അതുകേട്ട് കൊണ്ട് വന്ന സുഗന്ധി യുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു..
പാറുവിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ സുഗന്ധി ചെന്നു ഫ്ലാസ്കിലെ കാപ്പി എടുത്തു ഒരു കപ്പിലേക്ക് പകർന്നു.
“ഈ കമ്മലു മാത്രെ മേടിച്ചു തന്നൊള്ളോ മോളെ…”
“അല്ല അച്ഛമ്മേ… 6വളയും പിന്നെ ഈ പാദസ്വരവും….”
അവൾ പറഞ്ഞതും സുഗന്ധി കലിപുരണ്ടു കൊണ്ട് പാറുവിന്റെ അടുത്തേക്ക് വന്നു.
നാണമില്ലെടി നിനക്ക്…. ഒരു ഉളുപ്പും ഇല്ലാതെ കൊണ്ട് എന്റെ മകനെ വളച്ചൊടിച്ചു എല്ലാം മേടിച്ചു എടുത്തു അല്ലേടി നീയ്…
അമ്മേ….
അവരുടെ സംസാരം കേട്ട് കൊണ്ട് പാറു വേദനയോട് കൂടി വിളിച്ചു.
“ച്ചി മിണ്ടാതിരിക്കെടി…. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… എന്റെ മകനെയും ഈ കുടുംബത്തെയും പറഞ്ഞു പറ്റിച്ചു കെട്ടി ക്കേറി വന്നത് ഇവിടെ രാജകുമാരി ആയി വാഴം എന്ന ഉദ്ദേശത്തോടെ ആണെങ്കിൽ നടക്കില്ല പാർവതി…. ഈ സുഗന്ധി ജീവിച്ചു ഇരിക്കുമ്പോൾ അത് നടക്കില്ല..ഇറങ്ങിക്കോണം, ഇവിടുന്നു.”
അവളുടെ തോളിൽ പിടിച്ചു ശക്തമായി കുലുക്കി കൊണ്ട് സുഗന്ധി ചോദിച്ചതും പാറു ഞെട്ടി ത്തരിച്ചു നിന്നുപോയി.
അമ്മയുടെ ഓരോ വാചകങ്ങളും കേട്ട് കൊണ്ട് സ്വീകരണ മുറിയിൽ നിൽക്കുക ആയിരുന്നു കാശി…….കാത്തിരിക്കൂ………