കാശിനാഥൻ : ഭാഗം 65
രചന: മിത്ര വിന്ദ
എല്ലാവർക്കും ചായ കൊടുത്ത ശേഷം കല്ലു വേഗത്തിൽ അടുക്കളയിലേക്ക് പോയി..
അർജുന്റെ മുഖത്തേക്ക് പോലും നോക്കാതെ ഇരിക്കുവാൻ അവൾ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു..
സുഗന്ധി ആണെങ്കിൽ കല്ലുവിനെക്കുറിച്ച് എന്തൊക്കെയോ പരാതികൾ പറയുവാൻ തുടങ്ങിയതും കാശി അവരെ വിലക്കി.
അമ്മ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തല ഇടണ്ട, കല്യാണി വളരെ നല്ലൊരു പെൺകുട്ടിയാണ്, ഈ അടുക്കളപ്പുറത്ത്, നിന്ന് തട്ടികളയാൻ ഉള്ളതല്ല അവളുടെ ഭാവി. അവൾ നല്ല എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ഒരു പെൺകുട്ടിയാ… ചില ജീവിത സാഹചര്യങ്ങളാണ് അവളെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചത് പോലും. അതുകൊണ്ട് അവളെ, നിലവാരമില്ലാത്തവളായും, അന്തസ്സും പഠിപ്പും ഇല്ലാത്തവളായും ഒന്നും അമ്മ പറയണ്ട..
കാശിയുടെ സംസാരം സുഗന്ധിക്ക് തീരെ ഇഷ്ടമായില്ലെന്ന് വേണം പറയാൻ..
എന്നാൽ പാറുവിന് , ആ സമയത്ത് കാശിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുവാനുള്ള മനസ്സുണ്ടായിരുന്നു.
പക്ഷേ അർജുന്റെ അവസ്ഥ മറ്റൊന്നായിരുന്നു.ഇവൻ പറഞ്ഞത് തീരെ ശരിയായില്ല,ഇങ്ങനെ ഒന്നുമല്ല ഇവരോട് സംസാരിക്കേണ്ടിയിരുന്നത്,നല്ല നാല് വർത്തമാനം പറയുവാൻ അവന്റെ നാവ് തരിച്ചതാണ്, പിന്നെ കാശിയെയും പാറുവിനെയും ഓർത്തു മാത്രമാണ് അർജുൻ മൗനം പാലിച്ചത്.
സുഗന്ധിയുടെ ഒപ്പം വന്ന, വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ പോലും, അവരുടെ ഒപ്പം ഇരുന്നാണ് ചായയും സ്നാക്സും കഴിച്ചത്.
എന്നിട്ടാണ് ഇവർ കല്ലുവിനെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്…
ഒരുപക്ഷേ അവളുടെ സാഹചര്യങ്ങൾ കൊണ്ടാണ് അല്ലെങ്കിൽ അവൾ നമ്മളെക്കാൾ ഉയരത്തിൽ എത്തുമായിരുന്നു….
അമ്മ പോയതോടുകൂടി പാറു സട കുടഞ്ഞു ഉയർന്നു വന്നു..
” ആഹ് പാർവതിക്ക് നാവുണ്ടായിരുന്നോ…ഇത്ര നേരവും ഒരക്ഷരം മിണ്ടാതെ നിന്നപ്പോൾ ഞാൻ കരുതി, നിന്റെ സംസാരശേഷി നഷ്ടപ്പെട്ടു എന്നായിരുന്നു ” പരിഹാസരൂപേണ അർജുൻ പറഞ്ഞതും, പാറു നെറ്റി ചുളിച്ചുകൊണ്ട് കെറുവോടു കൂടി അവനെ നോക്കി നിന്നു..
നേരല്ലേ കാശി ഞാൻ പറഞ്ഞത് …. ഇത്രമാത്രം പേടിയാണോ നിന്റെ അമ്മയെ പാർവതിക്ക്? ഒരക്ഷരം പോലും ഉരിയാടാതെ തലയും കുമ്പിട്ടു നിൽക്കുകയായിരുന്നു പാർവതി അവരുടെ മുന്നിൽ, ഇവൻ നിന്നെ അവിടെ നിന്നും രക്ഷപ്പെടുത്തി ഇല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു, അമ്മായിയമ്മ ഒരു മൂലം ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത വൈറലായേനെ…
അർജുന് ആണെങ്കിൽ ആകെ ദേഷ്യം പിടിച്ച മട്ടായിരുന്നു..
അവന്റെ സംസാരം കേട്ടുകൊണ്ട് കാശി ചിരിച്ചതേയുള്ളൂ…
പാറു അപ്പോഴേക്കും അർജുനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഫ്രഷ് ആവാനായി റൂമിലേക്ക് കയറിപ്പോയി..
കുറച്ച് സമയം അർജ്ജുനും ആയിട്ട് സംസാരിച്ചിരുന്ന ശേഷം കാശിയും അവളുടെ പിന്നാലെ പോയിരുന്നു.
അർജുൻ എഴുന്നേറ്റ് നോക്കിയപ്പോൾ കല്ലുവിനെ പരിസരത്തൊന്നും കാണാനില്ല.
അടുക്കളയിൽ ആവും എന്ന് അവൻ ഊഹിച്ചു.
സുഗന്ധി പറഞ്ഞ ഓരോ വാചകങ്ങളും ഓർത്തുകൊണ്ട് കണ്ണീർവാർക്കുകയായിരുന്നു അടുക്കളയുടെ ഒരു കോണിൽ നിന്നു കൊണ്ട് കല്ലു…
വലതുകാതിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയതും,അവൾ ഞെട്ടിപ്പിടിഞ്ഞ് തിരിഞ്ഞുനോക്കി.
അർജുന്റെ നെഞ്ചിൽ തട്ടിയായിരുന്നു അവൾ നിന്നത്.
പെട്ടന്ന് അവൾ പിന്നോട്ട് മാറി
അപ്പോഴും അവൻ അവളുടെ കാതിലേ പിടിവിട്ടിരുന്നില്ല…
“യ്യോ… സാർ വേദനിക്കുന്നു ”
അവന്റെ തള്ളവിരലും ചൂണ്ടു വിരലും കൂടി അവളുടെ കാതിലേക്ക് ഞ്ഞെരിഞ്ഞമർന്നതും അവൾ വാവിട്ടു നിലവിളിച്ചുപോയി..
“ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാൻ അറിഞ്ഞു കൂടല്ലേ….നിന്നോട് ആരാടി പറഞ്ഞത് ആ ശൂർപണകയ്ക്കു കൊണ്ടുവന്നു ചായ കൊടുക്കുവാൻ..ങ്ങെ….”
“അത്.. കാശിയേട്ടന്റ അമ്മയല്ലേ… അത് കൊണ്ടാണ്…”
വിക്കി വിക്കി ഒരു പ്രകാരത്തിൽ പറയുകയാണ് അവൾ.ഒപ്പം നിന്നിടത്തു നിന്നും ഉയർന്നു പൊങ്ങുന്നുമുണ്ട്..
അപ്പോളും അവൻ പിടി വീട്ടിരുന്നില്ല താനും.
“കാശിയേട്ടന്റെ അമ്മ…. അവരല്ലേ നിന്നെ നോക്കി വേണ്ടാത്ത വർത്തമാനങ്ങൾ എല്ലാം വിളിച്ചു കൂവിയത്, എന്നിട്ട് ഓടി കൊണ്ടുവന്ന് ചായ കൊടുത്തേക്കുന്നു… നിനക്കിട്ട് നല്ല തല്ലിന്റെ കുറവാണുള്ളത്,”
അവൻ അതു പറയുകയും കല്ലും മുഖം കുനിച്ചു നിന്നു.
“മ്മ്.. പാർവതി ചേച്ചിയെ പോലെ തുടങ്ങിക്കോ നീയും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മുഖംകുനിച്ചങ്ങു നിന്നാൽ മതിയല്ലോ…”
ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ പിന്തിരിഞ്ഞു നോക്കിയതും കാശിയുടെ മുഖത്തേക്ക് ആയിരുന്നു..
പെട്ടെന്ന് കാശിയെ അവിടെ കണ്ടതും അർജുൻ വല്ലാതെ ആയിപ്പോയി,ഒപ്പം കല്ലുവും.
അവൾക്കാണെങ്കിൽ വല്ലാത്ത ഭയമാണ് തോന്നിയത്, കാരണം കാശി ഏട്ടനും പാർവതി ചേച്ചിയും തന്നെക്കുറിച്ച് എന്തെങ്കിലും മോശമായി കരുതുമോ എന്ന് അവൾ ചിന്തിച്ചു കൊണ്ട് ദയനീയമായി അവനെ നോക്കി.
ഇരു കൈകളും മാറിൽ കൊണ്ട് കാശി അർജുനെ അടിമുടി ഒന്ന് നോക്കി പോയി..
“ഞാൻ വെറുതെ ഈ കല്ലുവിനെ കാണാഞ്ഞപ്പോൾ….”
അർജുൻ വാക്കുകൾക്കായി പരതി…
“നീ കല്ലുവിനെ കാണാൻ തുടങ്ങിയത് ഇന്നലെ വൈകുന്നേരം മുതൽക്കല്ലേ…. എന്നിട്ട് എങ്ങനെയാ ഇത്ര പെട്ടെന്ന് ഇവളെ കാണാതെ പോയത്….”
കാശിയുടെ തീഷ്ണമായ നോട്ടം സഹിക്കാനാവാതെ അർജുൻ മറ്റെവിടേക്കോ ദൃഷ്ടി ഊന്നി..
“ഹ്മ്മ്……. വാ വാ.. നിന്നോട് ചോദിക്കാൻ മറന്നു, പനി ഇപ്പോൾ എങ്ങനെ ഉണ്ട് ”
ഒരു പ്രേത്യേക ഈണത്തിൽ അർജുനെ നോക്കി പറഞ്ഞുകൊണ്ട് കാശിയാണ് ആദ്യം വാതിൽക്കൽ നിന്നും ഇറങ്ങി പോയത്…
അവന്റെ പിന്നാലെ ബാൽക്കണിയിലേക്ക് നടക്കുമ്പോൾ അർജുന്റെ നെഞ്ചിൽ അല്പം മിടിപ്പ് കൂടി വന്നു.
“കല്ലു ഒരു പാവം ആണ്, ഒരുപാട് വേദന അനുഭവിച്ച ഒരു കൊച്ചാ, എനിക്കും പാറുവിനിം അവള് സ്വന്തം അനുജത്തിയെ പോലെ യാണ്….”
കാശി സാവധാനം പറഞ്ഞു.
“നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ,, ഞാൻ അതിന് ആ കുട്ടിയോട് മോശം ആയിട്ട് ഒന്നും പെരുമാറി ഇല്ലലോ…”
“അത് ഒക്കെ എനിക്ക് അറിയാം… എന്നാലും ഞാൻ അങ്ങട് പറഞ്ഞു എന്നെ ഒള്ളു….”
“ഓഹ് ആയിക്കോട്ടെ, പറഞ്ഞു കഴിഞ്ഞു എങ്കിൽ ഞാൻ അങ്ങോട്ട് ”
“പൊയ്ക്കോ, പക്ഷെ അവളുടെ കാതിലും കഴുത്തിലും ഒന്നും പിടിക്കാൻ ചെന്നേക്കരുത്, ചോദിക്കാനും പറയാനും ഇവിടെ അവൾക്ക് ഒരു ചേച്ചിയും ചേട്ടനും ഉള്ളതാ ”
“ഓക്കേ… സമയം ആകുമ്പോൾ ഞാൻ വന്നു ചോദിച്ചോളാം, അപ്പോൾ ആ അനുജത്തിയെ ഇങ്ങു തന്നേച്ചാൽ മതി, ഓക്കേ ”
അതും പറഞ്ഞു കൊണ്ട് അർജുൻ പുറത്തേക്ക് ഇറങ്ങിയതും കാശി അവനെ പിന്നിൽ നിന്നും വിളിച്ചു.
ടാ… നീ ഇപ്പോൾ പറഞ്ഞത് എന്താ, എനിക്ക് മനസിലായില്ല…
സമയം ആകുമ്പോൾ നിന്നേ ഞാൻ മനസിലാക്കി തരാം, അത് വരേയ്ക്കും ഇങ്ങനെ അങ്ങ് പോകട്ടെ ചേട്ടാ..തത്കാലം നമ്മുടെ കൊച്ചിന്റെ മനസ് കൂടെ അറിയണ്ടേ മോനേ….. നിന്റെ പൊണ്ടാട്ടി അറിയല്ലേ…എന്നെ അവള് നാറ്റിയ്ക്കും..
ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് അർജുൻ ചിരിച്ചു.
ഈ സമയത്ത് കല്ലു ആകെ വിരണ്ടു നിൽക്കുകയായിരുന്നു അടുക്കളയിൽ.
പാർവതി വന്നു നിന്ന് അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ടെങ്കിലും,കല്ലുവാണെങ്കിൽ അതൊന്നു കേൾക്കുന്ന പോലും ഉണ്ടായിരുന്നില്ല.
കാശിയേട്ടൻ കണ്ടൊ ആവോ, അർജുൻ സാറ് എന്റെ കാതിൽ കിഴുക്കിയത്.. ശോ.. എന്തൊരു കഷ്ടം ആണ് എന്റെ കൃഷ്ണാ… ഏത് സമയത്ത് ആണോ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്…
നഖം കടിച്ചു കൊണ്ട് നിൽക്കുന്നവളെ കണ്ടു പാർവതി ചെന്നു ഒരു തട്ട് കൊടുത്തു.
“എന്താണ് മാഡം ഇത്രയും വലിയ ആലോചന… ഞാനും കൂടെ ഒന്നു കേൾക്കട്ടെന്നേ…. ”
കല്ലു വിനെ പിടിച്ചു കൊണ്ട് വന്നു പാറു കസേരയിൽ ഇരുത്തി.
അന്ന് നടന്ന കാര്യങ്ങൾ മുഴുവനും വള്ളി പുള്ളി വിടാതെ പാവം കല്ലു അവളെ പറഞ്ഞു കേൾപ്പിച്ചു..
വാ പൊളിച്ചു ഇരിക്കുകയാണ് പാറു..
ഇതൊക്കെ എപ്പോ… ന്റെ പൊന്നെ, അർജുൻ ആള് കൊള്ളാലോ…. ഇതങ്ങനെ വിട്ടാൽ പറ്റില്ല… നിന്റെ കാതിനിട്ട് കിഴുക്കിയിട്ട് ഒന്നും ചോദിക്കാതെ ഇരുന്നാൽ പറ്റില്ലാലോ… ആഹ്ഹ
.. ദേഹോപദ്രവം ചെയ്ത് അല്ലെ… ഇനി ഒരു നിമിഷം പോലും അർജുനെ ഇവിടെ നിറുത്തുന്നു പ്രശ്നം ഇല്ല….
ഉള്ളിലെ ചിരി അടക്കി പിടിച്ചു കൊണ്ട് പാറു കപട ദേഷ്യത്തിൽ പറഞ്ഞു.
യ്യോ.. ചേച്ചി, ഒന്നും ചോദിക്കാൻ ചെല്ലരുത്… പ്ലീസ്….അയാള് രണ്ട് ദിവസത്തിനു ഉള്ളിൽ പൊയ്ക്കോളും ല്ലോ….അല്ലെങ്കിൽ പിന്നേ എന്താണ്ന്നു വെച്ചാൽ നമ്മൾക്ക് ചെയ്യാം… പ്ലീസ്..
തന്നെ നോക്കി കെഞ്ചി പറയുന്നവളെ നോക്കി പാറു തല കുലുക്കി…..കാത്തിരിക്കൂ………