വിവാഹ ചടങ്ങുകളില്‍ പ്ലാസ്‌റ്റിക് കുപ്പികള്‍ വേണ്ടെന്ന് കേരള ഹൈക്കോടതി

വിവാഹ ചടങ്ങുകളില്‍ പ്ലാസ്‌റ്റിക് കുപ്പികള്‍ വേണ്ടെന്ന് കേരള ഹൈക്കോടതി
എറണാകുളം: വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. പ്ലാസ്റ്റിക്കിന് പകരം ചില്ല് കുപ്പികള്‍ ഉപയോഗിക്കണമെന്നാണ് കോടതിയുടെ നിർദേശം. അതേസമയം മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിവാഹ സല്‍ക്കാര ചടങ്ങുകളിൽ നിന്നടക്കം പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്ന് വാക്കാലുള്ള നിർദേശം മുന്നോട്ടു വെച്ചത്. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. സൽക്കാര ചടങ്ങുകളില്‍ അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും കോടതിയെ അറിയിച്ചു. മാലിന്യ നിക്ഷേപത്തിന്‍റെ പേരിൽ റെയിൽവെയേയും കോടതി വിമർശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റണം. ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിർദേശം നൽകി. ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ ഹൈക്കോടതി ജനുവരിയില്‍ സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസും പി ഗോപിനാഥും അടങ്ങുന്ന ബെഞ്ച് നിർദേശം നൽകിയത്. വാദം കേൾക്കുന്നതിനിടെ, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് പകരമുള്ള മാർഗങ്ങളെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയുമായി ബെഞ്ച് ചർച്ച ചെയ്‌തിരുന്നു. കൊടൈക്കനാലിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിരോധിച്ച മദ്രാസ് ഹൈക്കോടതി നിർദേശം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്‌തു. പ്ലാസ്റ്റിക് കുപ്പികൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനായി കെഎസ്ആർടിസി അടുത്തിടെ സ്റ്റേഷനുകളിൽ വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും അന്ന് ടി വി അനുപമ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ 500 മില്ലിയിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹങ്ങളിലും മറ്റ് പരിപാടികളിലും അവ ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അനുപമ കോടതിയെ അറിയിച്ചു.

Tags

Share this story