അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

cm

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. താനൂരിലെത്തിയ മുഖ്യമന്ത്രി സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒന്നും പരിഹാരമായി വരില്ല. എങ്കിലും സർക്കാർ എന്ന നിലയ്ക്ക് ഓരോ ആൾക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ഒരു വാക്ക് കൊണ്ടുപോലും ആശ്വസിപ്പിക്കാനാകുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജുഡീഷ്യൽ ഓഫീസർ കൂടാതെ സാങ്കേതിക വിദഗ്ധരടക്കം ഉൾക്കൊള്ളുന്ന ജുഡീഷ്യൽ കമ്മീഷനാണ് രൂപീകരിക്കുക

സംസ്ഥാനത്ത് ഇതിന് മുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങളും, ആ ഘട്ടത്തിലൊക്കെ നൽകിയ നിർദേശങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മേലിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനൂരിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന വിവിധ കക്ഷി നേതാക്കളുടെ യോഗവും ചേർന്നു. പിന്നാലെയാണ് നഷ്ടപരിഹാരവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചത്.
 

Share this story