ആലുവയിൽ നിന്ന് 12-കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയെ സഹായിച്ചവരിലേക്കും അന്വേഷണം: കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയം

ആലുവ കേസ്

ആലുവയിൽ നിന്ന് 12-കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അഭിജിത്തിനെ സഹായിച്ചവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പെൺകുട്ടിയുമായി ഡൽഹിയിലേക്ക് പോയത് മറ്റൊരാളുടെ നിർദേശപ്രകാരമാണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊല്ലം ഓച്ചിറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസിൽ അഭിജിത്ത് പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ട്രെയിൻ യാത്രയ്ക്കിടെ പൂനെയിൽ നിന്നാണ് ആലുവ പൊലീസ് പെൺകുട്ടിയെയും അഭിജിത്തിനെയും കണ്ടെത്തിയത്. ഇരുവരെയും തുടർന്ന് ആലുവയിലെത്തിച്ചു. കൗൺസിലിംഗിന് ശേഷം പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അഭിജിത്തിനെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നീക്കം.

അഭിജിത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 2023-ൽ ലഹരിമരുന്ന് കൈവശംവെച്ച കേസിൽ ഓച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കൂടുതൽ പേരുടെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് പെൺകുട്ടിയുമായി ഡൽഹിയിലേക്ക് പുറപ്പെട്ടതെന്നാണ് പ്രതിയുടെ മൊഴി. ഈ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ ആലുവ പൊലീസ് മൂവായിരം കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഒരു വനിതാ ഉദ്യോഗസ്ഥയുൾപ്പെടെ നാല് പേർ കാറിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. കാസർഗോഡിനും മഹാരാഷ്ട്രയിലുമടക്കം വിവിധ ഇടങ്ങളിൽ ലഭിച്ച മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചായിരുന്നു അന്വേഷണം. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിനയച്ച സന്ദേശം കേന്ദ്രീകരിച്ച് മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയതോടെയാണ് പെൺകുട്ടിയിലേക്കും പ്രതിയിലേക്കും പൊലീസ് എത്തിയത്.

Tags

Share this story