രാജീവ് ചന്ദ്രശേഖറിന്‍റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ മർദിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Karamana

തിരുവനന്തപുരത്ത് മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ പതിപ്പിച്ച മതിലില്‍ ചാരിനിന്നെന്ന് ആരോപിച്ച് പതിനാലുകാരനെ ബിജെപി നേതാവ് ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. രാഷ്ട്രീയ പ്രവർത്തകർ കൊച്ചു കുട്ടിയെ ആക്രമിക്കുന്നത് തെറ്റാണെന്നും പൊലീസിനോടും ജില്ലാ ചൈൽഡ് പ്രെട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് തേടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രതികരിച്ചു . കമ്മീഷൻ്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടാകും. കുട്ടി ഭയത്തിലാണെന്നും കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ഡിസിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചു.

കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. എന്നാല്‍, മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം കേരളമാകെ പ്രചരിച്ചതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇതോടെ പൊലീസ് സ്വമേധയ കേസെടുത്തു.

Share this story