16കാരിയായ മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 18 വർഷം കഠിന തടവ്

judge hammer

കാസർകോട് 16കാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിനെ കോടതി 18 വർഷം കഠിനതടവിന് ശിക്ഷിച്ചു. 40,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവിനും ശിക്ഷവിധിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് പി.എം. സുരേഷാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.

2023 മേയ് 24നും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം പ്രതി ലൈംഗികപീഡനം നടത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി.

കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ കെ. വേലായുധനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Share this story