16കാരനെ പീഡിപ്പിച്ച കേസ്: എഇഒ അടക്കം 9 പേർ റിമാൻഡിൽ; മുസ്ലിം ലീഗ് നേതാവ് ഒളിവിൽ

കാസർകോട് 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ചന്തേര, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒമ്പത് പേർ അറസ്റ്റിൽ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അടക്കം എട്ട് പേരെയാണ് ചന്തേര പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കേസിലെ ഒരു പ്രതിയായ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ പോയി. ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 16കാരനെ ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്
ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി വികെ സൈനുദ്ദീൻ(52), പടന്നക്കാട് സ്വദേശി റംസാൻ(64), റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ്(48), വൾവക്കാട്ടെ കുഞ്ഞഹമ്മദ്(55), ചന്തേരയിലെ അഫ്‌സൽ(23), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), തൃക്കരിപ്പൂർ വടക്കേക്കൊവ്വലിലെ റയീസ്(30), സുകേഷ് വെള്ളച്ചാൽ(30), ചീമേനിയിലെ ഷിജിത്ത്(36) എന്നിവരാണ് പിടിയിലായത്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദ്ദീനാണ്(46) ഒളിവിൽ പോയത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ കുട്ടിയെ വീട്ടിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് കുട്ടിയുടെ മാതാവിനെ കണ്ട് ഓടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരുകളാണ് വിദ്യാർഥി മൊഴിയിൽ പറഞ്ഞത്.