കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം 17 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം
Jan 17, 2026, 08:10 IST
തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം 17 പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ക്രിസ്റ്റോ പോൾ, അസി. പ്രൊഫസർ നോയൽ വിൽസൺ എന്നിവരുടെ പരുക്കാണ് ഗുരുതരം. ഇവരെ വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രക്കായി എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 42ഓളം വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.
വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. നാവായിക്കുളം യദുക്കാട് ഭാഗത്ത് വെച്ചാണ് ബസ് മറിഞ്ഞത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
