മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

jumaila

കാസർകോട് മഞ്ചേശ്വരത്ത് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. 18 വയസുകാരി ജുമൈലയാണ് ഇന്നലെ കൊല്ലപ്പെട്ടത്

പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തുമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. 

ഇക്കാര്യം ചർച്ച ചെയ്യാൻ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹിൽ ടോപ്പിലുള്ള വീട്ടിൽ പ്രതിയും സഹോദരനും എത്തി. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരിൽ എഴുതി നൽകില്ലെന്നും മകൾ ജുമൈലയുടെ പേരിൽ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കൈയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ സേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കഴുത്തിൽ കുത്തേറ്റത്.


കുത്തേറ്റ് മകൾ കിടന്ന് പിടയുമ്പോഴും രക്ഷപ്പെടുത്താൻ നോക്കാതെ ഇയാൾ ഷേക്ക് അബ്ബയെ വീണ്ടും ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടിയാണ് പ്രതിയെ പോലീസിൽ ഏൽപ്പിച്ചത്. ഇയാൾ കർണാടകത്തിൽ നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. വിദേശത്തായിരുന്നു പ്രതി ലഹരി ഉപയോഗത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ അടുത്തിടെയാണ് നാട്ടിലെത്തിയത്.

Tags

Share this story