കർണാടകയിലെ സർക്കാർ സ്‌കൂളിൽ നിന്നും 2 കുട്ടികളെ തട്ടിക്കൊണ്ടുപോയി; നാടകീയമായി രക്ഷപ്പെടുത്തി പോലീസ്
കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർഥികളെ നാടകീയമായി രക്ഷപ്പെടുത്തി പോലീസ്. കുട്ടികളുമായി പോയ ബൈക്ക് ഉത്തര കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പോലീസ് സമയോചിതമായി ഇടപെട്ടത്.
സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്‌കൂളിൽ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർഥികളെ കാണാതായത്. സ്‌കൂളിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയതായി മറ്റ് കുട്ടികൾ പറയുകയായിരുന്നു
ഇതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പോലീസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി പോയതാണെന്ന് വ്യക്തമായി. പോലീസ് പിന്നാലെ പാഞ്ഞപ്പോഴാണ് കുട്ടികളുമായി പോയ ബൈക്ക് അപകടത്തിൽപ്പെട്ടത്
ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് കരീമിന് തലയടിച്ച് വീണ് പരുക്കേറ്റിരുന്നു. കുട്ടികൾക്കും നേരിയ പരുക്കേറ്റു. കരീമിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
