വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി; റബർ കർഷകർക്കുള്ള സബ്‌സിഡി 600 കോടിയായി വർധിപ്പിച്ചു

balagopal

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്

പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി പറഞ്ഞു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും നാളുകളിലേക്ക് തിരിച്ചുവന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്നുപോയത്. വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു

റബർ കർഷകരെ സഹായിക്കാൻ റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വർധിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു.

മെയ്ക്ക് ഇൻ കേരളക്ക് ആയിരം കോടി രൂപ വകയിരുത്തി. മെയ്ക്ക് ഇൻ കേരളക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 100 കോടി അനുവദിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് വ്യവസായ ഇടനാഴിയുണ്ടാക്കും. അതിനായി ആയിരം കോടി അനുവദിച്ചു. കോവളം-ബേക്കൽ ജലപാതക്ക് 100 കോടി അനുവദിച്ചു.
 

Share this story