എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപിച്ചു – മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപിച്ചു – മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ചാവക്കാട്: എസ് എസ് എഫ് ഇരപത്താറാമത് സംസ്ഥാന സാഹിത്യാത്സവ് ചാവക്കാട്ട് സമാപിച്ചു. രണ്ടു ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ മലപ്പുറം ഈസ്റ്റ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ല രണ്ടാമതെത്തി. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് മൂന്നാം സ്ഥാനം.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് കാന്തപുരം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപിച്ചു – മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയം നിലനിൽക്കണം. വിവിധ ഭാഷകളും സംസ്‌കാരങ്ങളും നിലനിൽ ക്കണം. വളർന്ന് വരുന്ന പുതിയ പ്രതിഭകൾ തിന്മകൾക്കെതിരെ പ്രതികരിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

സമാപന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽഖലീലുൽ ബുഖാരി, ടി എൻ പ്രതാപൻ എം പി എന്നിവർ സംസാരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള ഇ എസ് അശ്കർ സാഹിത്യോത്സവ് കലാ പ്രതിഭയായി. കാസർകോട് ജില്ലയിലെ ഹസൻ സർഗ പ്രതിഭയായി. കാമ്പസ് വിഭാഗത്തിൽ നീലഗിരി ആർട്‌സ് ആന്റ് സയൻസ് കോളജ് ജേതാക്കളായി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള ആയിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടു ദിനങ്ങളിലായി ആറ് വിഭാഗങ്ങളിലായി നൂറിലേറെ ഇനങ്ങളിലായിരുന്നു മത്സരം. ശനിയാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി മൊയ്തീനാണ് SSF ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്.

ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡ് കവി സച്ചിദാനന്ദന് മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സമ്മാനിച്ചു. ഇരുണ്ടകാലത്തെ പാട്ടുകൾ എന്ന വിഷയത്തിൽ കവി സച്ചിദാനന്ദൻ പ്രഭാഷണം നടത്തി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സാംസ്‌കാരിക സംവാദവും നടന്നു. കെ പി രാമനുണ്ണി , കവി വീരാൻ കുട്ടി ,കെ ഇ എൻ, സിവിക് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ അണി നിരത്തി പുസ്തകോത്സവം സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 100 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

സാഹിത്യോത്സവിന്റെ സംഘാടന മികവ് മാതൃകാപരം ടി. എൻ. പ്രതാപൻ എം. പി

ചാവക്കാട്: രാജ്യത്ത് നടക്കുന്ന വിവിധ കലാമേളകളിൽ നിന്നും വ്യത്യസ്തമായി മാതൃകാപരമായ സംഘാടനമികവാണ് എസ് എസ് എഫ് സാഹിത്യോത്സവുകൾ മുന്നോട്ട് വെക്കുന്നതെന്ന് ടി. എൻ പ്രതാപൻ എം. പി പറഞ്ഞു. എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമത്തിലെ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും മതസ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള പോരാട്ടമാണ് സാഹിത്യോത്സവുകൾ ഉയർത്തുന്ന സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലകൾ മനുഷ്യ പുരോഗതിക്ക് പ്രയോഗിക്കാനുള്ളതാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു. സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകളെയാണ് കഴിഞ്ഞകാലത്തെ സാഹിത്യോത്സവുകൾ സമ്മാനിച്ചത്.

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപിച്ചു – മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
ടി. എൻ. പ്രതാപൻ എം. പി

Share this story