മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് നിയമങ്ങൾ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ

മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് നിയമങ്ങൾ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചാണ് മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടത്തൽ. ചില ഭാഗത്ത് കായൽ നികത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയമലംഘനത്തിന് കൂട്ടു നിന്ന മുൻ മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ മുൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഫ്ലാറ്റ് ഉടമകളുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജെയിൻ കോറൽ കോവ് ഉടമകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഉദ്യോഗസ്ഥ സംഘം അല്പസമയത്തിനകം ഇവിടെ പരിശോധന തുടങ്ങും. ജെയിൻ ഫ്ലാറ്റിന്റെ കായൽ കൈയ്യേറ്റം വീണ്ടും അളന്നു പരിശോധിക്കാനാണ് നീക്കം. ഫ്ലാറ്റുകൾ നിർമ്മിച്ചതിൽ വ്യാപക കയ്യേറ്റം ഉണ്ടായെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയെടുത്ത കേസിലാണ് തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണം എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ഫ്ലാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു. വഞ്ചനക്കും, നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് കേസെടുത്തത്. കമ്പനി ഉടമകൾകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. നഗരസഭയിലെ രേഖകളിലടക്കം ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തിയിരുന്നു.

Share this story