എൻസിപി നേതാവ് പ്രഫുൽ പട്ടേലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ്; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ഇടപാടുണ്ടെന്ന് കേസ്

എൻസിപി നേതാവ് പ്രഫുൽ പട്ടേലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ്; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ഇടപാടുണ്ടെന്ന് കേസ്

മുൻ കേന്ദ്രമന്ത്രിയും എൻ സി പി നേതാവുമായ പ്രഫുൽ പട്ടേലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഒക്ടോബർ 18ന് ഹാജാരാകാനാണ് നിർദേശം

ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹാജിറയുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. സിജെ ഹൗസ് എന്ന പാർപ്പിട സമുച്ചയത്തിന് വേണ്ടി 2007ൽ പട്ടേലും മിർച്ചിയും ഒപ്പുവെച്ച കരാർ ഇഡി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

2013ൽ അന്തരിച്ച മിർച്ചി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. മുംബൈയിലെ പല വസ്തുവകകളും മിർച്ചിയുടെ ബിനാമി പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിജെ ഹൗസിന്റെ ഓഹരി ഉടമയാണ് പ്രഫുൽ പട്ടേൽ. അദ്ദേഹത്തിന്റെ പേരിൽ രണ്ട് ഫ്‌ളാറ്റുകളും ഇതിലുണ്ട്.

എന്നാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. കോൺഗ്രസ് -എൻസിപി സഖ്യത്തെ തകർക്കാനുള്ള നീക്കമാണിതെന്നും തെരഞ്ഞെടുപ്പ് കണ്ടുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയമാണ് നടക്കുന്നതെന്നും എൻ സി പി ആരോപിച്ചു.

Share this story