കൂടത്തായി കേസ്: ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി; കോയമ്പത്തൂരിൽ എത്തിച്ച് തെളിവെടുക്കും

കൂടത്തായി കേസ്: ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി; കോയമ്പത്തൂരിൽ എത്തിച്ച് തെളിവെടുക്കും

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളി അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയിരുന്നു. പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

പ്രതികളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രജികുമാർ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. കസ്റ്റഡിയിൽ കഴിയുന്ന പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യക്ക് കോടതി 10 മിനിറ്റ് സമയം അനുവദിച്ചിരുന്നു.

മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്. ഇന്ന് ഷാജുവിന്റെ പിതാവ് സഖറിയാസിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു. സഖറിയാസിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.

Share this story