കനത്ത സുരക്ഷയില്‍ രാജ്യം, കാസര്‍കോടും നിരോധനാജ്ഞ

കനത്ത സുരക്ഷയില്‍ രാജ്യം, കാസര്‍കോടും നിരോധനാജ്ഞ

അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്.

അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറയുന്നത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്.വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്‌ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതല്‍ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

വിധിപറയാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലും കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലും അലിഗഢിലും എല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. വിധി പറയുന്ന ജഡ്ജിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

അയോധ്യയിലടക്കം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലേയും മധ്യപ്രദേശിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയില്‍ തിങ്കളാഴ്ച വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഡല്‍ഹിയിലും ബെംഗളൂരുവിലും ഭോപ്പാലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ രാവിലെ ഏഴ് മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ.

കാസര്‍കോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. മഞ്ചേശ്വരം കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ്,കാസര്‍കോഡ് എന്നീ പോലീസ് സ്റ്റേഷന്റെ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 11-ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.

Share this story