ടൂറിന് പോയി വന്ന വിദ്യാർഥിനി അണുബാധയേറ്റ് മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

ടൂറിന് പോയി വന്ന വിദ്യാർഥിനി അണുബാധയേറ്റ് മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കണ്ണൂരിലെ ഒരു കോളേജിൽ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ചികിത്സയിലുള്ളവർക്ക് സാധാരണ പനി മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. എങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയത്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

54 വിദ്യാർത്ഥികളാണ് കോളേജിൽ നിന്നും ടൂർ പോയത്. ഇതിൽ ഒരു കുട്ടി മരണമടയുകയും മറ്റുള്ള ചില കുട്ടികൾക്ക് പനി അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഇടപെട്ടത്. മരണകാരണം വൈറൽ മയോകാർഡൈറ്റിസ് മൂലമാണെന്ന് കണ്ണൂർ ആംസ്റ്റർ മിംസിലെ ഡോക്ടർ എഴുതിയിരുന്നത്. ഇത് ഏതുതരം വൈറസാണെന്ന് കണ്ടുപിടിക്കാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആ കുട്ടിയുടെ രക്തസാമ്പിൾ അയച്ചിട്ടുണ്ട്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റിപ്പോർട്ട് ലഭിക്കാൻ 3 ദിവസം വേണം. അത് കഴിഞ്ഞാൽ മാത്രമേ ഏത് തരം വൈറസാണെന്ന് അറിയാൻ കഴിയുകയുള്ളൂ.

ടൂറിന് പോയ 54 വിദ്യാർത്ഥികളിൽ 7 കുട്ടികൾക്ക് ചെറിയ പനിയും ചെറിയ തലവേദനയുമുണ്ടായിരുന്നു. അത് ഒരു പക്ഷെ ടൂറിന് പോയത് കൊണ്ടുണ്ടാകുന്ന സാധാരണ വൈറൽ ഫീവർ ആകാനാണ് സാധ്യത. എങ്കിലും ഏത് വൈറൽ ഫീവറായാലും മയോകാർഡൈറ്റിസ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് വളരെ ശ്രദ്ധയോടെയാണ് ഇത് കാണുന്നത്. അതിനാൽ പനിയുള്ള 7 കുട്ടികളേയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കുകയും രക്തസാമ്പിൾ ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

റിസൾട്ട് വരുന്നതുവരെ ഈ വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിന് പോയ മറ്റെല്ലാ വിദ്യാർത്ഥികളേയും പരിശോധിച്ചെങ്കിലും അവർക്കൊന്നും ഒരു കുഴപ്പവും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ മരണകാരണം വ്യക്തമാകാൻ മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Share this story