സാമ്രാജത്വശക്തികളുടെയും മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോയിസ്റ്റുകൾക്ക് ലഭിക്കുന്നുണ്ടെന്ന് കോടിയേരി

സാമ്രാജത്വശക്തികളുടെയും മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോയിസ്റ്റുകൾക്ക് ലഭിക്കുന്നുണ്ടെന്ന് കോടിയേരി

കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജണ്ടയാണ് മാവോയിസ്റ്റ് പ്രവർത്തനത്തിലൂടെ വെളിപ്പെടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ഇക്കാര്യം പറയുന്നത്.

മാവോയിസ്റ്റുകളെ വർഗശത്രുവായി സിപിഐഎം വിലയിരുത്തുന്നില്ല. എന്നാൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും വിവിധ പോക്കറ്റുകളിൽ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകൾ തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്.

ഇന്ത്യയിൽ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോർപറേറ്റുകളുടെയും സാമ്രാജ്യത്വ ശക്തികളുടെയും സാർവദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോയിസ്റ്റുകൾക്ക് ലഭിക്കുന്നുണ്ടെന്നും കോടിയേരി ആരോപിക്കുന്നു

തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകൾ യഥാർഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഎമ്മിന് ഇല്ല. ഇക്കൂട്ടർ അരാജകവാദികളും യഥാർഥ വിപ്ലവകാരികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവർഗത്തിന്റെ കയ്യിലെ കോടാലികളുമാണെന്നും കോടിയേരി പറയുന്നു

 

Share this story