എന്‍ സി പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍ സി പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ സി പിയെ കേരളത്തിലെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതനിരപേക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍ സി പിയെ പുറത്താക്കി സത്യസന്ധത തെളിയിക്കണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. അതേസമയം കോണ്‍ഗ്രസ് കൂടി അംഗമായ യുപിഎ സഖ്യത്തില്‍ നിന്ന് എന്‍ സി പിയെ പുറത്താക്കുമോ എന്ന കാര്യത്തില്‍ മുല്ലപ്പള്ളിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എന്‍ സി പി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍ സി പിയുടെ 22 എംഎല്‍എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് അറിയുന്നത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു

അതേസമയം തീരുമാനം തന്റെയോ പാര്‍ട്ടിയുടെയോ അറിവോടെയല്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. എന്‍ സി പി പിളര്‍ന്നുവെന്നായിരുന്നു ശരദ് പവാറിന്റെ മകളും പാര്‍ട്ടി നേതാവുമായ സുപ്രിയ സുലെയുടെ പ്രതികരണം. തുടര്‍ നടപടികള്‍ തീരുമാനിക്കാനായി മുംബൈയില്‍ വിവിധ പാര്‍ട്ടികള്‍ ചര്‍ച്ച തുടരുകയാണ്

 

Share this story