വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി; ഗുരുതര പരുക്ക്, പോലീസുകാരന് സസ്‌പെൻഷൻ

വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി; ഗുരുതര പരുക്ക്, പോലീസുകാരന് സസ്‌പെൻഷൻ

കൊല്ലം കടയ്ക്കൽ കാഞ്ഞിരംമൂട്ടിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിച്ചുമറിയുകയായിരുന്നു.

ബൈക്ക് യാത്രികനായ സിദ്ധിഖിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദ്ദിഖിന്റെ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ചികിത്സയിൽ കഴിയുന്നത്.

സംഭവത്തിൽ ലാത്തി എറിഞ്ഞ കടയ്ക്കൽ സ്റ്റേഷൻ സിപിഒ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കൊല്ലം റൂറൽ എസ് പി ഹരിശങ്കറാണ് നടപടിയെടുത്തത്.

റോഡിൽ വളവിൽ നിന്നായിരുന്നു പോലീസിന്റെ വാഹനപരിശോധന. ഇത് സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ബൈക്കിന് മുന്നിലേക്ക് ചന്ദ്രമോഹൻ ചാടിയിറങ്ങിയെങ്കിലും നിർത്താൻ സാധിച്ചില്ല. തുടർന്നാണ് ചന്ദ്രമോഹൻ ലാത്തി എറിഞ്ഞത്. നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിൽ ഇടിച്ചുമറിയുകയും സിദ്ദിഖ് നടുറോഡിലേക്ക് വീഴുകയുമായിരുന്നു.

 

Share this story