കുന്ദമംഗലം സ്‌കൂളിൽ വിദ്യാർഥിയുടെ കഴുത്തിന് പിടിച്ച അധ്യാപകനെ പുറത്താക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം

കുന്ദമംഗലം സ്‌കൂളിൽ വിദ്യാർഥിയുടെ കഴുത്തിന് പിടിച്ച അധ്യാപകനെ പുറത്താക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം

കോഴിക്കോട് കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ കഴുത്തിന് പിടിച്ച് മർദിച്ച സംഭവത്തിൽ അധ്യാപകനെ പുറത്താക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശം. അധ്യാപകനായ ശ്രീനിജിനെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ ചെയർമാൻ പി സുരേഷ് നിർദേശം നൽകിയത്.

കുട്ടിയുടെ കഴുത്തിന് പിടിച്ച് ഉയർത്താൻ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ നിർദേശിച്ചത്. മറ്റ് കുട്ടികളെയും സമാനമായ രീതിയിൽ മർദിക്കുകയും നിലത്തിട്ട് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മൊഴികളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടും തെളിവായി സ്വീകരിച്ചാണ് കമ്മീഷൻ നടപടി.

Share this story