ഡിസംബർ 17ലേത് നിർബന്ധിത ഹർത്താലാണെങ്കിൽ സഹകരിക്കില്ലെന്ന് സമസ്ത

ഡിസംബർ 17ലേത് നിർബന്ധിത ഹർത്താലാണെങ്കിൽ സഹകരിക്കില്ലെന്ന് സമസ്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 17ന് വിവിധ മതസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ നിർബന്ധിത ഹർത്താലാണെങ്കിൽ പിന്തുണക്കില്ലെന്ന് സമസ്ത. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹർത്താൽ എങ്കിൽ സഹകരിക്കാമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം

ഹർത്താൽ

പൗരത്വഭേതഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ഡിസം: 17 ന് ചിലർ നടത്തുന്ന ഹർത്താലിന് ആഹ്വാനം ചെയ്ത വാർത്തയിൽ ചില തെറ്റിദ്ധാരണകൾ തിരുത്തപ്പെടേണ്ടതുണ്ട്. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹർത്താൽ (ബന്ദല്ല) എങ്കിൽ സഹകരിക്കാമെന്ന് സമസ്ത നേതൃത്വത്തിന്റെ അനുമതി പ്രകാരം സംഘടകരോട് അറിയിച്ചിരുന്നതാണ്. എന്നാൽ സമസ്തയുടേയോ ഒരു ഘടകത്തിന്റേയോ ഔദ്യോഗികത നൽകരുതെന്നും അറിയിച്ചിരുന്നു. ഔദ്യോഗിക പത്രക്കുറിപ്പിൽ അങ്ങിനെ തന്നെയാണെങ്കിലും ചില വാട്സാപ്പ് മെസേജുകളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന് ചേർത്തു കാണുന്നത് തെറ്റാണ്.അപ്രകാരം മുഖ്യ മത,രാഷ്ട്രീയ സംഘടനയിലെ വ്യക്തികളൊക്കെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.എന്നാൽ അതും ഇല്ലെന്നറിയുന്നത് രാത്രി 11 മണിക്ക് വാട്സാപ്പ് മെസേജുകളിലൂടെയാണ്. അപ്പോൾ തന്നെ അതിലെ അനൗചിത്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അതിനാൽ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന്റെ വിഷയമാണെന്ന് ഉൾക്കൊണ്ട് വാഹനങ്ങൾ റോഡിലിറക്കാതെയും കടകൾ തുറക്കാതെയും ജോലിക്ക് ഹാജറാവാതെ മറ്റുള്ളവരെ നിർബന്ധിക്കാതെ സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കാമെന്നും സംഘടനയുടെ ഔദ്യോഗിക നിർദേശമായി ഗണിക്കപ്പെടേണ്ടതില്ലെന്നും സവിനയം അറിയിക്കുന്നു.

 

Share this story