ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു; ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്ന് മുഖ്യമന്ത്രി

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു; ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരത്തിന് തുടക്കമായി. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നുയരുന്നത് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജാതിയും ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഒരു കാരണവശാലും അതിനെ അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി നേരിടും. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലൂടെ തിരിച്ചുവിടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. അതു വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു

കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരൻമാരായി കണക്കാക്കാനാകില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. സംസ്ഥാന സർക്കാരിന് ഇങ്ങനെ പറയാൻ അവകാശമുണ്ടോയെന്നാണ് ചിലരുടെ സംശയം. സർക്കാരിന് ബാധ്യത ഭരണഘടനയോടാണ്. അല്ലാതെ ആർ എസ് എസിന്റെ അജണ്ടയോട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു

 

Share this story