കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കർണാടക പോലീസ് തലപ്പാടി അതിർത്തിയിൽ കൊണ്ടുവന്നു വിട്ടു; വിട്ടയച്ചത് എട്ട് മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കർണാടക പോലീസ് തലപ്പാടി അതിർത്തിയിൽ കൊണ്ടുവന്നു വിട്ടു; വിട്ടയച്ചത് എട്ട് മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം

മംഗലാപുരത്തെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ ഒടുവിൽ വിട്ടയച്ചു. നീണ്ട എട്ട് മണിക്കൂർ അന്യായമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ ഇവർക്ക് നൽകാനും പോലീസ് തയ്യാറായിരുന്നില്ല. രാവിലെ എട്ടരയോടെ മംഗലാപുരം വെൻലോക്ക് ആശുപത്രിക്ക് മുന്നിൽ നിന്നുമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മംഗളൂരുവിൽ രണ്ട് പ്രക്ഷോഭകരെ പോലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടക്കുന്ന വെൻലോക്ക് ആശുപത്രിക്ക് മുന്നിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും

കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവർത്തകരെയാണെന്നും ഇവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സർക്കാർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. എന്നാൽ ഇവരെ വിട്ടയക്കാൻ പോലീസ് തയ്യാറായിരുന്നില്ല

ഒടുവിൽ മൂന്നരയോടെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ ഇവരെ പോലീസ് വാഹനത്തിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. ഏഷ്യാനെറ്റ്, മീഡിയ വൺ, ന്യൂസ് 24, ന്യൂസ് 18 ചാനലുകളുടെ മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്

 

Share this story