ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആര്‍മിയുടെ മാര്‍ച്ച്; പ്രവര്‍ത്തകരെത്തിയത് കൈകള്‍ കൂട്ടിക്കെട്ടി

ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആര്‍മിയുടെ മാര്‍ച്ച്; പ്രവര്‍ത്തകരെത്തിയത് കൈകള്‍ കൂട്ടിക്കെട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പോലീസ് പിടികൂടിയ ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. ജോർബാഗിൽ വെച്ച് പോലീസ് മാർച്ച് തടഞ്ഞു.

കൈകൾ കെട്ടിവെച്ചാണ് പ്രതിഷേധക്കാർ മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ അക്രമം നടത്തിയെന്ന് പോലീസ് ആരോപണം ഉന്നയിക്കാതിരിക്കാനാണ് കൈകൾ കൂട്ടിക്കെട്ടിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞാഴ്ച ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വെച്ചാണ് ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആസാദ്.

അതിനിടെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം നടന്നു. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഒന്നാം ഗേറ്റ് പരിസരത്ത് നൂറുകണക്കിനാളുകൾ ഒത്തുകൂടുകയായിരുന്നു. കനത്ത സുരക്ഷയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.

ഡൽഹിയിൽ മൂന്നിടങ്ങളിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ ചാണക്യപുരിയിലെ യുപി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ മാർച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്

 

Share this story