ലോക കേരളസഭ: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം; എതിർത്ത പ്രതിപക്ഷം വെട്ടിൽ

ലോക കേരളസഭ: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം; എതിർത്ത പ്രതിപക്ഷം വെട്ടിൽ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയെ അഭിനന്ദിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചു കൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് വഴിയാണ് രാഹുലിന്റെ സന്ദേശം പുറത്തുവിട്ടത്. ലോക കേരള സഭ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ച് രംഗത്തുവന്നത്.

സംസ്ഥാനത്തിന്റെ പതാകവാഹകരമായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനങ്ങൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് കേരള സഭയെന്ന് രാഹുൽ തന്റെ സന്ദേശത്തിൽ പറയുന്നു.

ജനുവരി 1 മുതൽ മൂന്ന് വരെ പ്രവാസി കേരളീയരെ അണിനിരത്തിയുള്ള ലോക കേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. രമേശ് ചെന്നിത്തലയായിരുന്നു കഴിഞ്ഞ വർഷം ലോക കേരള സഭയുടെ ഉപാധ്യക്ഷൻ. ആന്തൂറിൽ വ്യവസായിയായിരുന്ന സാജൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചത്.

Share this story