അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കണം; പൗരത്വ വിഷയത്തിൽ രാജ്യത്തെ 11 മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്

അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കണം; പൗരത്വ വിഷയത്തിൽ രാജ്യത്തെ 11 മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്

പൗരത്വ നിയമഭേദഗതിക്കെതിരെ ഒന്നിച്ചു നീങ്ങുകയെന്ന ആഹ്വാനവുമായി രാജ്യത്തെ 11 മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്ന് എൻ പി ആർ നടപടികൾ കേരളം നിർത്തിവെച്ചതായും പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭാ പ്രമേയം പാസാക്കിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് കാലഘട്ടത്തിന്റെ ആവശ്യകത. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒന്നിക്കാൻ തയ്യാറാകണം. പൗരത്വ നിയമം റദ്ദാക്കണമെന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്ക് നീങ്ങുന്നത് പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നതായും പിണറായി കത്തിൽ ആവശ്യപ്പെടുന്നു

Share this story