മുല്ലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് സമസ്ത; ഇത്തരക്കാർ സമരത്തെ ആർ എസ് എസിന് ഒറ്റുകൊടുക്കുന്നു

മുല്ലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് സമസ്ത; ഇത്തരക്കാർ സമരത്തെ ആർ എസ് എസിന് ഒറ്റുകൊടുക്കുന്നു

പൗരത്വ നിയമഭേദഗതിക്കെതിരായ ഐക്യ സമരത്തെ പിന്നിൽ നിന്ന് ഒറ്റുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. മുഖപ്രസംഗത്തിലാണ് മുല്ലപ്പള്ളിയെ പേരെടുത്ത് പറയാതെ സമസ്ത വിമർശിക്കുന്നത്.

ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയവും ദേശീയ മാധ്യമങ്ങളിൽ നൽകിയ പരസ്യവും കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് പിടിച്ചിട്ടില്ല. എൽ ഡി എഫ് സർക്കാർ നേട്ടം കൊയ്യുമോയെന്നാണ് അവരുടെ ഭയം. ദേശീയ തലത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീവ്രതയിലേക്ക് വെള്ളമൊഴിക്കാൻ നടക്കുന്ന സ്വാർഥൻമാരായ പ്രാദേശിക നേതാക്കൾ ജാജ്വലമായിത്തീരുന്ന ഒരു സമരത്തെ ആർ എസ് എസിന് ഒറ്റുകൊടുക്കാൻ നടക്കുന്നവരാണെന്ന് പറയാതെ വയ്യെന്നും മുഖപ്രസംഗം പറയുന്നു

ജർമനിയിൽ ഹിറ്റ്‌ലർ ഒരോ നിയമവും പാസാക്കിയെടുത്തപ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിസംഗ ഭാവം അവിടുത്തെ പ്രതിപക്ഷ കക്ഷികൾ കാണിച്ചതിന് സമാനമാണിത്. രാജ്യം അതി നിർണായകമായ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കൊടിയുടെ നിറവും ഭംഗിയും നോക്കി പ്രതിഷേധിക്കേണ്ട സമയമല്ല ഇതെന്ന് എഡിറ്റോറിയലിൽ പറയുന്നു

കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുത്ത മനുഷ്യമതിലും കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിയും ശ്രദ്ധേയങ്ങളായ പ്രതിഷേധ സമരങ്ങളായിരുന്നു. മലപ്പുറത്ത് കോൺഗ്രസ് നേതാവ് എ പി അനിൽകുമാറായിരുന്നു ഹൈദരാലി തങ്ങളുടെ അടുത്ത്. കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ അധ്യക്ഷനായത് സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരായിരുന്നുവെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു

 

Share this story