കുറ്റ്യാടിയിലെ വർഗീയ മുദ്രവാക്യത്തെ തള്ളി ബിജെപി നേതൃത്വം; പാർട്ടി നയമല്ല, ഒറ്റപ്പെട്ട സംഭവമെന്നും എം ടി രമേശ്

കുറ്റ്യാടിയിലെ വർഗീയ മുദ്രവാക്യത്തെ തള്ളി ബിജെപി നേതൃത്വം; പാർട്ടി നയമല്ല, ഒറ്റപ്പെട്ട സംഭവമെന്നും എം ടി രമേശ്

കുറ്റ്യാടിയിൽ മുസ്ലീം ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും വർഗീയ വിഷം നിറച്ചും പ്രവർത്തകർ വിളിച്ച മുദ്രവാക്യത്തെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. മുദ്രവാക്യത്തിലെ പരാമർശം പാർട്ടി നയമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

വലിയ റാലിയിൽ ചിലർ വിളിച്ച മുദ്രവാക്യം നിയന്ത്രിക്കാനായില്ല. ആരാണ് ഇതുവിളിച്ചതെന്ന് പരിശോധിക്കുമെന്നും എം ടി രമേശ് പറഞ്ഞു. പാർട്ടി നേതൃത്വം അറിയാതെയാണ് ചിലർ പ്രകോപനപരമായ മുദ്രവാക്യങ്ങൾ വിളിച്ചത്. ഇത് പാർട്ടിയുടെ നയമല്ല. ഒറ്റപ്പെട്ട സംഭവമാണെന്നും എം ടി രമേശ് പറഞ്ഞു

ബിജെപിയുടെ വിശദീകരണ യോഗത്തിനിടെയാണ് പ്രവർത്തകർ പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഡി വൈ എഫ് ഐയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളെ, ഇറങ്ങി വാടാ ചെറ്റകെ, ഓർമയില്ലേ ഗുജറാത്ത്, ഓർത്ത് കളിച്ചോ ചെറ്റകളെ എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങളാണ് ബിജെപി പ്രവർത്തകർ മുഴക്കിയത്. 2002 ഗുജറാത്ത് വംശീയ കലാപത്തെയാണ് ബിജെപി പ്രവർത്തകർ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനായി ഓർമിപ്പിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുസ്ലീം ലീഗിനെതിരെയും ബിജെപിക്കാർ പ്രകടനത്തിനിടെ മുദ്രവാക്യം മുഴക്കുന്നുണ്ട്

Share this story