മലപ്പുറത്ത് പോളിയോ വിതരണം 91 ശതമാനമായി; ആരോഗ്യ വകുപ്പിന്റെ നീക്കം ഫലം കണ്ടു

മലപ്പുറത്ത് പോളിയോ വിതരണം 91 ശതമാനമായി; ആരോഗ്യ വകുപ്പിന്റെ നീക്കം ഫലം കണ്ടു

പോളിയോ വിതരണത്തിൽ മലപ്പുറം ജില്ല പിന്നോട്ടുപോയെന്ന വാർത്തകൾക്ക് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ ഇടപെടൽ ഫലം കണ്ടു. ജില്ലയിൽ ഇതുവരെ 91 ശതമാനം കുട്ടികൾക്കും പോളിയോ വാക്‌സിൻ നൽകാൻ സാധിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ വീടുകൾ കയറിയിറങ്ങിയാണ് പോളിയോ വിതരണം ആരോഗ്യവകുപ്പ് ജീവനക്കാർ പൂർത്തിയാക്കിയത്.

അഞ്ച് വയസ്സിൽ താഴെയുള്ള 4,50,415 കുട്ടികളിൽ 4,08,360 പേർക്ക് തുള്ളിമരുന്ന് നൽകി. ജനുവരി 19ന് പോളിയോ ദിനത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് മരുന്ന് വിതരണം നടത്തിയെങ്കിലും 55 ശതമാനം കുട്ടികൾക്ക് മാത്രമാണ് അന്ന് മരുന്ന് നൽകാൻ സാധിച്ചത്. ഇത് വലിയ ചർച്ചയായതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലേക്ക് ഇറങ്ങിയത്.

20, 21, 22 തീയതികളിലായി വീട് സന്ദർശനത്തിലൂടെ 1,52,636 കുട്ടികൾക്ക് കൂടി മരുന്ന് നൽകാൻ കഴിഞ്ഞു. വ്യാഴാഴ്ചയും ജില്ലയിൽ മരുന്ന് വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.

Share this story