മൂന്നാറിലെ റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മൂന്നാറിലെ റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മൂന്നാർ പള്ളിവാസലിലെ ആംബർ ഡെയ്ൽ റിസോർട്ടിന്റെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ടറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പട്ടയവ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കലക്ടർ ആംബർ ഡെയ്ൽ അടക്കം മൂന്ന് റിസോർട്ടുകലുടെ പട്ടയം റദ്ദാക്കിയത്.

കലക്ടറുടെ നടപടി ചോദ്യം ചെയ്ത് റിസോർട്ട് ഉടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പട്ടയം റദ്ദാക്കിയ ജില്ലാ കലക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി പറഞ്ഞു. വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ നടപടിയെടുത്തത്. എന്നാൽ വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത് സാധ്യമാകില്ലെന്നും റിസോർട്ട് ഉടമ വാദിക്കുകയായിരുന്നു

തങ്ങളുടെ ഭാഗം കേൾക്കാനും കലക്ടർ തയ്യാറായില്ലെന്നും റിസോർട്ട് ഉടമ കോടതിയിൽ വാദിച്ചു. തുടർന്നാണ് നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഹർജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോർട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Share this story