ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർത്തി; ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി

ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർത്തി; ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി

പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കേന്ദ്രസർക്കാരിനെയും പൗരത്വ നിയമ ഭേദഗതിയെയും വിമർശിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. സി എ എയും എൻ ആർ സിയും രാജ്യത്തിന് ഭീഷണിയാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണ്. ഒന്നിച്ചുള്ള സമരവും പ്രമേയവും രാജ്യത്തിന് തന്നെ ആവേശം പകർന്നു

സമ്പദ് ഘടന തകർച്ചയിലാണ്. പൊതുവിപണി തകർന്നു. തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജി എസ് ടി വരുമാനത്തിൽ കേരളത്തിന് നേട്ടുമുണ്ടായില്ല. ജി എസ് ടി കേരളത്തിന് ഗുണമായില്ലെന്നും മന്ത്രി സമ്മതിച്ചു.

2019 പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ കേന്ദ്ര സർക്കാർ ഒഴിവാക്കി. 8300 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടിൽ നിന്നുമുണ്ടായത്. കേന്ദ്ര പദ്ധതികളിൽ എല്ലാം കുടിശ്ശിക കെട്ടിക്കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു

എല്ലാ ക്ഷേമ പെൻഷനുകൾക്കും 100 രൂപ വീതം കൂട്ടി. ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർത്തി. ലൈഫ് മിഷനിൽ 1 ലക്ഷം വീടുകൾ കൂടി അനുവദിക്കും. നെൽ കർഷകർക്ക് 40 കോടി രൂപ വകയിരുത്തി. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപ അനുവദിച്ചു. തീരദേശ റോഡ് വികസനത്തിന് 1000 കോടി അനുവദിച്ചു. എം എൽ എമാർ നിർദേശിച്ച പ്രവർത്തനങ്ങൾക്ക് 1800 കോടി രൂപ ്‌നുവദിച്ചു

രണ്ടര ലക്ഷം കുടിവെള്ള കണക്ഷൻ നൽകും. 500 മെഗവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികൾ ആരംഭിക്കും. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി രൂപ നൽകും.

നാല് വർഷം കൊണ്ട് 1216 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി. 2851 കോടി പ്രളയ ദുരിതാശ്വാസമായി നൽകി. കഴിഞ്ഞ സർക്കാരിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ നാല് വർഷം കൊണ്ട് ഈ സർക്കാർ മറികടന്നു. ഇനിയുള്ള വർഷം ബോണസാണെന്നും മന്ത്രി പറഞ്ഞു

Share this story