സുരേന്ദ്രന് കീഴിൽ ഒരുതരത്തിലും ഭാരവാഹിയാകാനില്ല; പ്രതിഷേധവുമായി മുതിർന്ന നേതാക്കൾ

സുരേന്ദ്രന് കീഴിൽ ഒരുതരത്തിലും ഭാരവാഹിയാകാനില്ല; പ്രതിഷേധവുമായി മുതിർന്ന നേതാക്കൾ

ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് കീഴിയിൽ ഒരു തരത്തിലും പ്രവർത്തിക്കില്ലെന്ന് മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണൻ. ദേശീയ സെക്രട്ടറി ബി എൽ സന്തോഷ് നടത്തിയ സമവായ ചർച്ചയും പരാജയപ്പെട്ടു. സന്തോഷുമായുള്ള ചർച്ചയിലും ഒരു പദവിയും ഏറ്റെടുക്കാനില്ലെന്ന് രാധാകൃഷ്ണൻ ആവർത്തിച്ചു

പ്രസിഡന്റായ സുരേന്ദ്രന് കീഴിൽ സെക്രട്ടറിയായി പ്രവർത്തിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. സുരേന്ദ്രനേക്കാൾ സീനിയറാണ് ഈ നേതാക്കളെല്ലാം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവരുടെ പേരുകളും പരിഗണിച്ചിരുന്നു.

സുരേന്ദ്രനെതിരെ കടുത്ത നീക്കമാണ് മുതിർന്ന നേതാക്കളിൽ നിന്നുണ്ടാകുന്നത്. നേരത്തെ കാസർകോട്ടെയും തിരുവനന്തപുരത്തെയും നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവെച്ചിരുന്നു. കാസർകോട് രവീശ തന്ത്രി കുണ്ടാർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. കെ ശ്രീകാന്തിനെ നാലാം തവണയും കാസർകോട് അധ്യക്ഷനാക്കിയതിനെതിരെയാണ് കുണ്ടാറിന്റെ രാജി

കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ വെട്ടിയാണ് മുരളീധര പക്ഷക്കാരനായ സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ഗ്രൂപ്പിന് അതീതമായി പാർട്ടിയെ നയിക്കുമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നത്.

Share this story