ഒരു പകലും രാത്രിയും നീണ്ട തെരച്ചിലും പ്രാർഥനകളും; നാടിനെയാകെ ദു:ഖത്തിലേക്ക് വീഴ്ത്തി ഒടുവിൽ ദേവനന്ദയുടെ മൃതദേഹം ലഭിച്ചു

ഒരു പകലും രാത്രിയും നീണ്ട തെരച്ചിലും പ്രാർഥനകളും; നാടിനെയാകെ ദു:ഖത്തിലേക്ക് വീഴ്ത്തി ഒടുവിൽ ദേവനന്ദയുടെ മൃതദേഹം ലഭിച്ചു

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കൊല്ലം ഇളവന്നൂരിൽ വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന ഏഴ് വയസ്സുകാരി ദേവനന്ദയെ കാണാതായത്. ഏതാണ്ട് 20 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ഒടുവിൽ വീടിന് 70 മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. രാവിലെ ഏഴരയോടെ മൃതദേഹം പൊന്തുകയായിരുന്നു. കേരളമൊന്നാകെ നടത്തിയ പ്രാർഥനകളും കാത്തിരിപ്പുമാണ് ഇതോടെ ദു:ഖത്തിൽ അവസാനിച്ചത്.

പോലീസും ഫയർഫോഴും സർവ സന്നാഹങ്ങളും ഉപയോഗിച്ച് ദേവനന്ദക്കായി തെരച്ചിൽ നടത്തിയിരുന്നു. വീടിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള എല്ലാ സി സി ടി വി ക്യാമറകളും പോലീസ് പരിശോധിച്ചു. ഫയർഫോഴ്‌സിനൊപ്പം നാട്ടുകാരുടെ വൻ സംഘവും പുഴയിൽ തെരച്ചിൽ നടത്തി. എന്നിട്ടും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. എങ്കിലും പൊന്നുമോൾ ജീവനോടെ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു അമ്മ ഉൾപ്പെടെ പങ്കുവെച്ചിരുന്നത്. നാട്ടുകാരും ഇതേ പ്രതീക്ഷയിലായിരുന്നു.

ദേവനന്ദക്കായി പോലീസ് പുറത്തിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് ലക്ഷക്കണക്കിനാളുകളാണ് ഷെയർ ചെയ്തത്. സിനിമാ താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും കുട്ടിയെ തിരികെ ലഭിക്കുന്നതിനായി ഫോട്ടോ ഷെയർ ചെയ്തു. പോലീസിന്റെ വാഹന പരിശോധനകൾക്ക് ജനങ്ങളും പൂർണ പിന്തുണ നൽകുന്നത് കണ്ടു. കേരളമൊന്നാകെ ദേവനന്ദക്കായി പ്രാർഥിച്ചു. പ്രാർഥനകളൊക്കെ വിഫലമാക്കി ഒടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. ധന്യ തുണി അലക്കിക്കൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചാണ് ദേവനന്ദ സ്‌കൂളിൽ പോകാതിരുന്നത്. തുണി അലക്കി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം ധന്യക്ക് മനസ്സിലാകുന്നതും തുടർന്ന് ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുന്നതും.

Share this story