രാഹുൽ ഗാന്ധി എവിടെയാണ്; തനിക്കറിയില്ലെന്ന് ടി എൻ പ്രതാപൻ എംപി

രാഹുൽ ഗാന്ധി എവിടെയാണ്; തനിക്കറിയില്ലെന്ന് ടി എൻ പ്രതാപൻ എംപി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭ സമയത്ത് തന്നെ രാഹുൽ ഗാന്ധിയുടെ അഭാവം ദേശീയ തലത്തിൽ വൻതോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്. ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന് ശേഷവും കൃത്യമായ ഒരു രാഷ്ട്രീയ ഇടപെടൽ പോലും കോൺഗ്രസിന്റെ മുൻ പ്രസിഡന്റിൽ നിന്നും കാണാനായില്ല. രാഹുൽ ഗാന്ധി എവിടെയാണെന്ന് പോലും ആർക്കുമറിയാത്ത സ്ഥിതി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിലും രാഹുൽ എത്തിയിരുന്നില്ല

രാഹുൽ ഗാന്ധി എവിടെയെന്ന് തനിക്കും അറിയില്ലെന്ന് ടി എൻ പ്രതാപൻ എംപി പ്രതികരിച്ചു. രാഹുൽ ഗാന്ധി നിലവിൽ കോൺഗ്രസ് പ്രസിഡന്റല്ല. നിർവാഹക സമിതിയിലും അദ്ദേഹമില്ല. എന്നാൽ നേതൃത്വത്തിലേക്ക് രാഹുൽ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അദ്ദേഹം എവിടെയാണെന്ന ചോദ്യം ഉയർത്തുന്നതിൽ തെറ്റില്ല. ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുള്ള നേതാവാണ് രാഹുലെന്നും ടി എൻ പ്രതാപൻ പറഞ്ഞു

ഭരണഘടനയും ജനാധിപത്യവും വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. നീതി പീഠത്തിലാണ് അവസാന ആശ്രയം. പരമോന്നത നീതിപീഠത്തിൽ ഇപ്പോഴും പൂർണവിശ്വാസമുണ്ട്. പക്ഷേ പ്രധാനമന്ത്രിയെ പോലും വിചാരണ ചെയ്യാൻ അധികാരമുള്ള സുപ്രീം കോടതി ജഡ്ജി അദ്ദേഹത്തെ വാഴ്ത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഡൽഹി കലാപത്തിന് കാരണക്കാരനായ കപിൽ ശർമക്കെതിരെ കേസെടുക്കാൻ നാലാഴ്ചത്തെ സാവകാശമാണ് കോടതി നൽകിയത്. ഇതും നിരാശപ്പെടുത്തിയെന്ന് ടി എൻ പ്രതാപൻ പറഞ്ഞു

Share this story