ചക്രത്തിൽ കുരുങ്ങിയ ബൈക്കുമായി കാർ പാഞ്ഞത് ഒരു കിലോമീറ്ററിലേറെ

ചക്രത്തിൽ കുരുങ്ങിയ ബൈക്കുമായി കാർ പാഞ്ഞത് ഒരു കിലോമീറ്ററിലേറെ

അമ്പലപ്പുഴ: അമിതവേഗത്തിൽ പോയ കാറിടിച്ച്, ബൈക്ക് യാത്രികനായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന് പരുക്ക്. ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചശേഷം, മുൻചക്രത്തിൽ കുരുങ്ങിയ ബൈക്കുമായി കാർ പാഞ്ഞത് ഒരു കിലോമീറ്ററിൽ അധികം. തോട്ടപ്പള്ളി കാർത്തികയിൽ ശരത്തി(34)നാണ് പരുക്കേറ്റത്. ബൈക്കിൽ നിന്നു തെറിച്ചു കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം പാതയോരത്തേക്കു വീഴുകയായിരുന്നു. പരുക്കുകളോടെ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ ഓടിച്ചിരുന്ന പുന്നപ്ര റിഫാസ് മൻസിലിൽ റിസ്വാനെ (19) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസെടുത്ത് ഇയാളെ ജാമ്യത്തിൽ വിട്ടു.തോട്ടപ്പള്ളിയിൽനിന്നു പുന്നപ്ര ഭാഗത്തേക്കു വന്ന കാർ ദേശീയപാതയിൽ മാത്തേരിക്കു സമീപം ഇന്നലെ രാവിലെ 10നാണ് ബൈക്കിൽ ഇടിച്ചത്. മുൻചക്രത്തിൽ കുടുങ്ങിയ ബൈക്കുമായി മുന്നോട്ടു കുതിച്ച കാർ പുന്തല ഗുരുമന്ദിരം ജംക്ഷനു സമീപത്താണ് നിർത്തിയത്. തുടർന്നു റിസ്വാൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ വിട്ടുനൽകണമെന്ന ആവശ്യവുമായി റോഡിലെത്തി.

ഇതോടെ ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം മുടങ്ങി. 4 മാസം മുൻപാണ് റിസ്വാൻ ഡ്രൈവിങ് ലൈസൻസ് നേടിയത്. അപകടമുണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് യുവാവ് കാർ നിർത്താതെ ഓടിച്ചുപോയതെന്നു പൊലീസ് പറഞ്ഞു. കാറിനു ബ്രേക്ക് കിട്ടാതിരുന്നതിനാലാണു നിർത്താൻ കഴിയാതിരുന്നതെന്നു റിസ്വാൻ പൊലീസിനു മൊഴി നൽകി. ബ്രേക്കിനു തകരാർ ഉണ്ടായിരുന്നില്ലെന്നു പൊലീസ് വ്യക്തമാക്കി.

Share this story