കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍പ്പണിമുടക്ക്: 50 ജീവനക്കാര്‍ക്കെതിരെ കേസ്

കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍പ്പണിമുടക്ക്: 50 ജീവനക്കാര്‍ക്കെതിരെ കേസ്

മിന്നല്‍പ്പണിമുടക്കിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരില്‍ അവശ്യ സര്‍വീസ് നിയമപ്രകാരം (എസ്മ) പോലീസ് കേസെടുത്തു. ഇതില്‍ അമ്പതോളം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പ്രതികളായേക്കും. പൊതുഗതാഗതസംവിധാനം അവശ്യസര്‍വീസ് നിയമത്തിനുകീഴില്‍ വരുന്നതാണ്. ഇത് ലംഘിച്ച് മിന്നല്‍സമരം നടത്തുകയും ഒപ്പം ബസുകള്‍ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണു കേസ്.

കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പോലീസുകാരനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞദിവസം അഞ്ചാളുടെ പേരില്‍ കേസെടുത്തിരുന്നു. ഇതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. എ.ടി.ഒ. ജേക്കബ് സാം ലോപ്പസ്, ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന്‍, ഡ്രൈവര്‍ കെ. സുരേഷ് കുമാര്‍ എന്നിവരെയാണ് പോലീസിനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍കൂടി ഈ കേസില്‍ പ്രതികളാണ്.

മിന്നല്‍പ്പണിമുടക്ക് കാരണം മണിക്കൂറുകള്‍ കാത്തിരുന്നു തളര്‍ന്നാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. നിയമം ലംഘിച്ചുള്ള മിന്നല്‍ സമരമാണ് ഇതിന്റെ പ്രധാന കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. അസ്വാഭാവിക മരണത്തിന് എടുത്ത കേസിലും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പ്രതികളായേക്കും.

Share this story