കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം: 50 ആംബുലന്‍സുകളും 200 ജീവനക്കാരും സജ്ജം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം: 50 ആംബുലന്‍സുകളും 200 ജീവനക്കാരും സജ്ജം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

രണ്ട് ആംബുലന്‍സുകള്‍ എന്നതില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ചാണ് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐഎംഎയും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

 

രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരം – രണ്ട്, കൊല്ലം – മൂന്ന്, എറണാകുളം – 26, തൃശൂര്‍ – മൂന്ന്, പാലക്കാട് – നാല്, മലപ്പുറം – നാല്, കോഴിക്കോട് – മൂന്ന്, കണ്ണൂര്‍ – മൂന്ന്, കാസര്‍ഗോഡ് – രണ്ട് എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിച്ചിട്ടുണ്ട്ജില്ലാ കൊറോണ മോണിറ്ററിംഗ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷനും ഉള്‍പ്പെടെ 200ഓളം ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്.

 

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ജീവനക്കാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പിപിഇ കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Share this story