കൊറോണ ഭീതി: റെയിൽവേ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു; കാലി ബർത്തുകളുമായി ട്രെയിനുകൾ

കൊറോണ ഭീതി: റെയിൽവേ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു; കാലി ബർത്തുകളുമായി ട്രെയിനുകൾ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയിൽ തീവണ്ടി യാത്രക്കാരിൽ വൻ കുറവ്. തിരുവനന്തപുരം ഡിവിഷനിൽ ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15ന് 80,188 പേരായാണ് കുറഞ്ഞത്

മാർച്ച് പത്തിന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു തുടങ്ങിയത്. ജനറൽ കോച്ചുകളിലെ ശരാശരി ദിവസ വരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി താഴുകയും ചെയ്തു.

റിസർവേഷൻ ചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുന്നതും കൂടിവരികയാണ്. തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ മാർച്ച് 10ന് 368 പേരും 11, 12 തീയതികളിൽ 505 പേർ വീതവും 13ന് 1112 പേരുമാണ് ടിക്കറ്റ് റദ്ദാക്കിയത്. ഓൺലൈൻ വഴിയും ടിക്കറ്റ് റദ്ദാക്കൽ നടക്കുന്നുണ്ട്.

തിങ്കളാഴ്ച മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസിൽ ബർത്തുകളിൽ 10 ശതമാനം യാത്രക്കാർ മാത്രമാണുണ്ടായത്. മലബാർ, മാവേലി, എക്‌സ്പ്രസുകളും കാലി ബർത്തുകളായാണ് ഓടുന്നത്.

Share this story