കാസർഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ധാർഷ്ട്യം തുടരുന്നു

കാസർഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ധാർഷ്ട്യം തുടരുന്നു

കൊവിഡ് 19 ബാധിതനായി ഏഴ് ദിവസം കറങ്ങി നടന്ന കാസർഗോഡ് സ്വദേശി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ധാർഷ്ട്യം തുടരുന്നു. വിഐപി പരിഗണന നൽകി ഒരുക്കിയ ഐസൊലേഷൻ വാർഡിൽ ആരോഗ്യപ്രവർത്തകരെ വെല്ലുവിളിച്ചാണ് ഇയാൾ കഴിയുന്നത്. ജീവനക്കാർ പറയുന്നതൊന്നും അനുസരിക്കാൻ ഇയാൾ കൂട്ടാക്കുന്നില്ല.

ആദ്യ ദിവസങ്ങളിൽ തന്നെ ഇയാൾ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞായിരുന്നു ആദ്യ ദിവസത്തെ ഇയാളുടെ ബഹളം. രോഗബാധിതന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ അത് ആക്ഷേപമുണ്ടാക്കുമെന്ന് കരുതിയ ആരോഗ്യവകുപ്പ് അധികൃതർ ജനാലയുള്ള, വലിയ മുറി ഇയാൾക്ക് നൽകി. ഈ മുറി നൽകിയിട്ടും ഇയാൾ ധിക്കാരം തുടരുകയാണ്.

ജനാല തുറന്നിട്ട് അതിലൂടെ പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കുകയാണ് എന്ന് ജീവനക്കാർ പറയുന്നു. റൂട്ട് മാപ്പ് സഹകരിക്കാൻ തയാറാകാതിരുന്നതു പോലെ ചികിത്സയ്ക്കും ഇയാൾ സഹരിക്കുന്നില്ലെന്നാണ് പരാതി. വിഐപിക്കെതിരെ ആരും കേസെടുക്കാൻ തയാറാവില്ലെന്നും ജീവനക്കാർ പറയുന്നു. ഇയാളുടെ സുഹൃത്തും ധിക്കാരത്തോടെയാണ് പെരുമാറുന്നത്.

ദുബായിൽ നിന്നെത്തിയ ഇയാളുടെ സാമ്പിൾ പരിശോധനക്ക് അയച്ചതിനു ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നും കർശനമായ നിരീക്ഷണം വേണമെന്നും നിർദേശം നൽകിയാണ് ആരോഗ്യ വകുപ്പ് അധികൃതർ തിരികെ അയച്ചത്. എന്നാൽ നിർദേശങ്ങൾ വകവയ്ക്കാതിരുന്ന ഇയാൾ നാട്ടിലാകെ ചുറ്റിക്കറങ്ങി. എട്ട് ദിവസം ഇയാൾ സ്ഥിരമായി ബന്ധുവീടുകളിൽ പോയിരുന്നു.

Share this story