കൊവിഡിൽ വിറങ്ങലിച്ച് കാസർകോട്; സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി, നിയന്ത്രണം കടുപ്പിക്കും

കൊവിഡിൽ വിറങ്ങലിച്ച് കാസർകോട്; സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി, നിയന്ത്രണം കടുപ്പിക്കും

കൊവിഡ് 19ൽ സംസ്ഥാനത്തിന്റെ ഹബ്ബായി കാസർകോട് മാറുന്നു. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ പകുതിയോളം പേരും കാസർകോട് നിന്നാണെന്നുള്ളത് ഞെട്ടിക്കുന്നതാണ്. ഇന്ന് മാത്രം 34 കേസുകളാണ് കാസർകോട് സ്ഥിരീകരിച്ചത്. ജില്ലയിൽ മാത്രം 80 പേർ കൊവിഡ് ബാധിതരാണ്. സംസ്ഥാനത്താകെ 164 പേരാണ് കൊറോണ വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടത്.

കാസർകോട് ജില്ലയിൽ നിയന്ത്രണം ഇനിയും കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറാകണം. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കമുള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണ്.

കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കാസർകോട് ജില്ലക്കാർ ആശുപത്രി കാര്യങ്ങൾക്കായി കൂടുതൾ ആശ്രയിക്കുന്നത് കർണാടകയെയാണ്. എന്നാൽ കർണാടക അതിർത്തികൾ അടച്ചിട്ടതിനാൽ ആശുപത്രി കാര്യങ്ങളടക്കം മുടങ്ങിയ നിലയായിട്ടുണ്ട്. കർണാടക സർക്കാരുമായി ഇക്കാര്യം സംസാരിക്കും.

ജില്ലയിൽ അടിനന്തര നടപടി ആവശ്യമാണ്. കാസർകോട് മെഡിക്കൽ കോളജ് കെട്ടിടം ഉടനെ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റും. വിദേശ രാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടനെ അധികൃതരെ അറിയിക്കണം

വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കും പുലർത്തിയവരും കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. രോഗം ഗുരുതരമായവരെ ചികിത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. കാസർകോട് കേന്ദ്ര സർവകലാശാലാ കെട്ടിടം കൊവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story