മദ്യം ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

മദ്യം ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ലോക്ക്‌ഡൗണിനെ തുടർന്ന് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് രണ്ടാമത്തെ ആത്മഹത്യയെന്ന് സൂചന. കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്.എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളി (45) ആണ് ജീവനൊടുക്കിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. അമ്പലമുകൾ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയാണ്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നു നാട്ടുകാർ പോലീസിനോട് പറഞ്ഞു. മദ്യപാനത്തെ തുടർന്ന് ഭാര്യയും മകനും നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജുകളും മദ്യഷാപ്പുകളും പൂട്ടിയത് സംസ്ഥാനത്ത് സാഹചര്യം രൂക്ഷമായിരിക്കുകയാണ്.

മദ്യം ലഭിക്കാതെ തൃശൂരിൽ യുവാവ് ഇന്ന് ജീവനൊടുക്കിയിരുന്നു. കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ സാമൂഹിക വിപത്താകുമോയെന്ന സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിവറേജസ് ഔട്ടലെറ്റുകളടയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ഔട്ട്‌ലെറ്റുകൾ അടച്ചത്. അതിന് മുമ്പേ തന്നെ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു.

Share this story