ഭക്ഷണപ്രശ്‌നമില്ല, നാട്ടിലേക്ക് പോകാൻ വണ്ടി വേണമെന്ന് അതിഥി തൊഴിലാളികൾ; കലക്ടർ സ്ഥലത്തെത്തി

ഭക്ഷണപ്രശ്‌നമില്ല, നാട്ടിലേക്ക് പോകാൻ വണ്ടി വേണമെന്ന് അതിഥി തൊഴിലാളികൾ; കലക്ടർ സ്ഥലത്തെത്തി

നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ തന്നെയാണ് ആശങ്ക പടർത്തി അയ്യായിരത്തോളം തൊഴിലാളികൾ നടുറോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്.

ഭക്ഷണമില്ലെന്ന് ആരോപിച്ചാണ് ഇവർ ആദ്യം പ്രതിഷേധമാരംഭിച്ചത്. എന്നാൽ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നതായി അറിയിച്ചതോടെ തങ്ങൾക്ക് നാട്ടിൽ പോകാൻ വണ്ടി വേണമെന്നായി ഇവരുടെ ആവശ്യം. പാകം ചെയ്ത ഭക്ഷണം വേണ്ടെന്നും ഇവർ പറയുന്നു. ഇതിന് പിന്നാലെ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ വാഹനം ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ഇവർ പറയുന്നത്.

ജില്ലാ കലക്ടർ സുധീർ ബാബു, എസ് പി ജി ജയദേവ് എന്നിവർ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വണ്ടിയിൽ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും താമസിക്കുന്ന ക്യാമ്പുകളിലേക്ക് മടങ്ങണമെന്നും കലക്ടർ ആവശ്യപ്പെട്ടു. വേണമെങ്കിൽ മറ്റൊരു താമസ സൗകര്യം ഇവർക്ക് ഒരുക്കാമെന്നും ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല

ഇതിനിടെ ഒരു വശത്ത് നിന്ന് ഇവരെ നീക്കാനുള്ള നടപടികൾ പോലീസ് സംഘം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇങ്ങോട്ട് വരാതിരിക്കാൻ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ചില രാഷ്ട്രീയ താത്പര്യവും ഇവരുടെ പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന സംശയം ബാക്കി നിൽക്കുകയാണ്.

Share this story