പതിവ് പോലെ പ്രതിപക്ഷ യൂനിയനുകൾ; സർക്കാരിന്റെ സാലറി ചലഞ്ചുമായി സഹകരിക്കില്ല

പതിവ് പോലെ പ്രതിപക്ഷ യൂനിയനുകൾ; സർക്കാരിന്റെ സാലറി ചലഞ്ചുമായി സഹകരിക്കില്ല

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ മുന്നോട്ടുവെച്ച സാലറി ചലഞ്ചുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ യൂനിയനുകൾ. സാലറി ചലഞ്ചിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നത്.

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് കെ പി എസ് ടി സംസ്ഥാന കമ്മിറ്റി പറയുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പരമാവധി തുക സംഭാവന ചെയ്യാനാകുന്ന വിധം പദ്ധതി മാറ്റണം. സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് കെ എസ് ടി യു അറിയിച്ചു

ഭരണപരാജയം മൂലമുണ്ടായ സാമ്പത്തിക തകർച്ച ജീവനക്കാരുടെ തലയിൽ വെച്ചു കെട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എ എച്ച് എസ് ടി എ പ്രസിഡന്റ് അരുൺകുമാർ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന് കെ എച്ച് എസ് ടി ടു സംസ്ഥാന പ്രസിഡന്റ് കെ ടി അബ്ദുൽ ലത്തീഫും ജീവനക്കാരുടെ പോക്കറ്റടിക്കുന്ന നടപടിയാണിതെന്ന് എഫ് എച്ച് എസ് ടി എയും പറഞ്ഞു

Share this story