പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ലംഘിച്ച് കെ സുരേന്ദ്രന്റെ യാത്ര; സേവാഭാരതി പാസിൽ തിരുവനന്തപുരത്തെത്തി വാർത്താ സമ്മേളനം

പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ലംഘിച്ച് കെ സുരേന്ദ്രന്റെ യാത്ര; സേവാഭാരതി പാസിൽ തിരുവനന്തപുരത്തെത്തി വാർത്താ സമ്മേളനം

കൊവിഡ് 19ന്റെ തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പൊതുജനം പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോഴും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തോന്നിയ പോലെയുള്ള യാത്രകൾ വിവാദമാകുന്നു. സേവാഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിലാണ് സുരേന്ദ്രന്റെ യാത്ര.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കോഴിക്കോട് ആയിരുന്ന സുരേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി വാർത്താ സമ്മേളനം നടത്തിയിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ എന്ന പേരിൽ സേവാ ഭാരതി സംഘടിപ്പിച്ച പാസ് സുരേന്ദ്രന്റെ വാർത്താ സമ്മേളന യാത്രക്കായി ഉപയോഗിക്കുകയായിരുന്നു.

ലോക്ക് ഡൗൺ കാലത്ത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മതിയെന്ന മോദിയുടെ ആഹ്വാനവും മറികടന്നാണ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനം നടത്താനായി തിരുവനന്തപുരം വരെ എത്തിയത്.

തന്റെ യാത്രകൾ ഡിജിപി അറിഞ്ഞു കൊണ്ടുള്ളതെന്നാണ് സുരേന്ദ്രൻ അവകാശപ്പെടുന്നത്. എന്നാൽ പോലീസിനെ തന്നെ ഈ അവകാശവാദം ഞെട്ടിക്കുന്നുണ്ട്. തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ച കോഴിക്കോട് നിന്ന് മറ്റൊരു ജില്ലയിലേക്കും ഒരു തരത്തിലും പ്രവേശനം അനുവദിക്കാത്തതാണ്.

Share this story